ന്യൂദല്‍ഹി: പ്രോജക്ട് കുശ് എന്ന പേരില്‍ ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധകവചം ഒരുങ്ങുന്നു. 2028ല്‍ അതിര്‍ത്തിയില്‍ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതാദ്യമായി ഭാരതം തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ വികസിപ്പിക്കുന്നത്. ഇസ്രയേലിന്റെ അയണ്‍ ഡോമിനും അമേരിക്കയുടെ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തിനും മീതെയാകും കുശിന്റെ പ്രഹര ശേഷി. ഡിആര്‍ഡിഒയാണ് കുശിന്റെ നിര്‍മ്മാണച്ചുമതല നിര്‍വഹിക്കുന്നത്.
വ്യോമ പ്രതിരോധ സംവിധാനത്തിനായി ഭാരതം ഇപ്പോള്‍ ആശ്രയിക്കുന്നത് റഷ്യയുടെ എസ്-400 നെയാണ്. ഭാരതത്തിനെതിരെ വരുന്ന എല്ലാ ഭീഷണികളെയും വളരെ ദൂരെ നിന്ന് വായുവില്‍ തന്നെ കണ്ടെത്തി നശിപ്പിക്കുന്ന ദീര്‍ഘദൂര സംവിധാനമാണ് പ്രോജക്ട് കുശ്.ലോങ് റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ ആണ് കുശ്. 150 മുതല്‍ 350 കിലോമീറ്റര്‍ വരെ ശത്രുക്കളുടെ നീക്കങ്ങള്‍ ഇതിന് നിരീക്ഷിക്കാന്‍ കഴിയും. ഇസ്രായേലിന്റെ അയണ്‍ ഡോമിന്റെ ദൂരപരിധി 70 കിലോമീറ്റര്‍ മാത്രമാണ്. അമേരിക്കയുടെ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന്റേത് 110 കിലോമീറ്റും. 380 കിലോമീറ്റര്‍ ദൂരം വരെ ലക്ഷ്യമിടുന്ന റഷ്യയുടെ എസ്400നോടായിരിക്കും ഭാരതത്തിന്റെ കുശ് എല്‍ആര്‍ എസ്എഎം മത്സരിക്കുക.
2028-2029 ഓടെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇത്‌വിന്യസിക്കും. ശത്രു യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ആക്രമണങ്ങളെയും തകര്‍ക്കാന്‍ ഇതിന് കഴിയും. കുശ് വിന്യസിക്കുന്നതോടെ സ്വന്തമായി ദീര്‍ഘദൂര വ്യോമ പ്രതിരോധ സംവിധാനമുള്ള പ്രധാന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും ഇടംപിടിക്കും. നിലവില്‍, നമുക്ക് സ്വന്തമായി തദ്ദേശീയമായ ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനമുണ്ട്.2018 ലാണ് ഭാരതം ആദ്യമായി റഷ്യയുമായി എസ് 400 കരാര്‍ ഉണ്ടാക്കിയത്, അക്കാലത്ത് അഞ്ച് എസ് -400 നാല്പതിനായിരം കോടി രൂപയ്ക്കാണ് ഭാരതം വാങ്ങിയത്. ഇത്തരത്തില്‍ ഇതുവരെ മൂന്ന് സ്‌ക്വാഡ്രണുകള്‍ റഷ്യയില്‍നിന്ന് ഭാരതം വാങ്ങിയിട്ടുണ്ട്. ചൈനയും റഷ്യയില്‍ നിന്ന് എസ്-400 വാങ്ങുന്നുണ്ട്.
Discussion about this post