ഭുവനേശ്വര്‍: സന്താള്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രൗഢി വിളിച്ചോതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമസന്ദര്‍ശനം നല്കിയ ഉണര്‍വിലാണ്. രാഷ്ട്രപതിയുടെ ജന്മനാടായ മയൂര്‍ഭഞ്ജ് സന്താള്‍ എഴുത്തുകാരുടെ സംഗമത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വേദിയായത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഗോത്രവര്‍ഗധീരരുടെ സമരഗാനങ്ങള്‍ സ്വന്തം ഭാഷയില്‍ മുഴങ്ങിയ ദിവസങ്ങളായിരുന്നു അത്. അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഭരണഘടനയില്‍ ഔദ്യോഗിക ഭാഷയായി എട്ടാം ഷെഡ്യൂളില്‍ സന്താളി ഭാഷയെ ചേര്‍ത്തത്. അതിനുശേഷം സന്താളിയുടെ ഉപയോഗം സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ അതിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് ബാരിപാഡയില്‍ അഖില ഭാരത സന്താലി റൈറ്റേഴ്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും സാഹിത്യോത്സവവും ഉദ്ഘാടനം ചെയ്ത് ദ്രൗപദി മുര്‍മു പറഞ്ഞു.
പണ്ഡിറ്റ് രഘുനാഥ് മുര്‍മുവിനെപ്പോലുള്ളവര്‍ ഭാഷയുടെ പുരോഗതിക്ക് വഴികാട്ടികളാണ്. അദ്ദേഹം ഒല്‍ചിക്കി ലിപി കണ്ടുപിടിക്കുന്നതുവരെ സന്താലി സാഹിത്യത്തിന്റെ ഭൂരിഭാഗവും വാമൊഴിയായിരുന്നു. ബിധു ചന്ദന്‍, ഖേര്‍വാള്‍ ബിര്‍, ദരേഗെ ധന്’, ‘സിദോ-കന്‍ഹു-സന്താല്‍ ഹൂല്‍’ തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം ഭാഷയെ സമ്പന്നമാക്കി. സന്താള്‍ എഴുത്തുകാരായ ദമയന്തി ബസ്രയെയും കാളിപാദ സരണിനെയും പദ്മശ്രീ നല്കി ആദരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും അത് സന്താള്‍ ഗോത്രത്തെ കൂടുതല്‍ അഭിമാനത്തിലേക്കുയര്‍ത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.
ഖേര്‍വാള്‍ സരണ്‍ എന്നറിയപ്പെടുന്ന ദമയന്തി ബെസ്ര, കാളി പാദ സരണ്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും യഥാക്രമം 2020, 2022 വര്‍ഷങ്ങളില്‍ പത്മശ്രീ നല്‍കി ആദരിക്കപ്പെട്ടുവെന്നത് അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു.
ഗോത്ര സമൂഹത്തിന്റെ ജീവിത മൂല്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയുന്ന തരത്തില്‍ എഴുതാന്‍ സന്താളി എഴുത്തുകാര്‍ തയാറാകണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.
മയൂര്‍ഭഞ്ജിലെ കുലിയാനയില്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം എഴുന്നൂറിലധികം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുന്നത് സന്തോഷകരമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
Discussion about this post