ഭാരതത്തിന്റെ മണ്ണിലും അന്തരീക്ഷത്തിലും അലിഞ്ഞു ചേർന്നിരിക്കുന്ന ശക്തമായ സ്പന്ദനം വേദമന്ത്രങ്ങളുടെയും എണ്ണമറ്റ ഋഷീശ്വരൻമാരുടെ തപ:ശക്തിയുടേതുമാണെന്ന് മാതാ അമൃതാനന്ദമയി ദേവി. ബാങ്കോക്കിൽ ആരംഭിച്ച മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി ദേവി. അറിവും ശാന്തിയും ശക്തിയും എവിടെയും എല്ലാവർക്കും തുണയാകട്ടെ. ഭാരതത്തിന്റെ സംസ്‌കാരമെന്നത് സ്‌നേഹമാകുന്ന മണ്ണിൽ ഉറച്ചുനിൽക്കുന്നതാണ്. സൽകർമങ്ങൾ അതിന്റെ ഇലകളും അനുകമ്പയോടെയുള്ള വാക്കുകൾ അതിലെ പുഷ്പങ്ങളും ശാന്തി അതിന്റെ ഫലങ്ങളുമായി വളർന്ന് ലോകമെമ്പാടും ഒരു കുടുംബമായി തീരട്ടെയെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഇംപാക്റ്റ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ലോക ഹിന്ദു കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി ആദ്യ തിരി തെളിയിച്ചു.
ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്, വിശ്വ ഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് പരന്തെ, സ്വാമി പൂർണാത്മാനന്ദ് മഹാരാജ്, ബോധിനാഥ വെയ്‌ലെസ്വാമി, വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ചെയർമാൻ സ്വാമി വിഗ്യാനന്ദ്, ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനം 26 ന് സമാപിക്കും. 26 ന് രാവിലെ നടക്കുന്ന സമാപനസമ്മേളനത്തിൽ മാതാ അമൃതാനന്ദമയി ദേവി സദസ്സിനെ അഭിസംബോധന ചെയ്യും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ആത്മീയ ആചാര്യൻമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.
ഹൈന്ദവ സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വിശാലമായ വേദിയൊരുക്കുകയെന്നതാണ് 60 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസമേഖല, മാധ്യമങ്ങൾ, രാഷ്ട്രീയം, സംഘടനകൾ, നേതൃത്വ രംഗത്ത് ഹിന്ദു സ്ത്രീകളുടെയും യുവാക്കളുടെയും സംഭാവനകൾ തുടങ്ങിയ പ്രധാനവിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ധർമ്മമാണ് വിജയത്തിന്റെ കേന്ദ്രം എന്നർത്ഥം വരുന്ന ‘ ജയസ്യ ആയതനം ധർമ്മ:’ എന്നതാണ് മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന്റെ പ്രമേയം. 2014 ൽ ഡൽഹിയും 2018 ൽ ചിക്കാഗോയുമാണ് ഇതിനു മുമ്പ് ലോക ഹിന്ദു കോൺഗ്രസിന് ആതിഥേയത്വം വഹിച്ചത്.
Discussion about this post