ന്യൂഡൽഹി: സഹകാർ ഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ ക്രെഡിറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭാരവാഹികളുടെ ദേശീയ സമ്മേളനം സമാപിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഭഗവന്ത് കരാട് മുഖ്യാതിഥിയായി.
ചടങ്ങിൽ ഇന്ത്യയിലെ വിജയിച്ച ക്രെഡിറ്റ് സഹകരണ സംഘങ്ങളെ ഭഗവന്ത് കരാട് അഭിനന്ദിച്ചു. മഹാരാഷ്‌ട്ര ആസ്ഥാനമായുള്ള ധ്യാന്ദീപ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ആദർശ നഗരി സഹകാരി പത്സൻസ്ത, തെലങ്കാന ആസ്ഥാനമായുള്ള സിറ്റിസൺ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ ദേശീയ തല വിഭാഗത്തിൽ ഉൾപ്പെട്ട ക്രെഡിറ്റ് സഹകരണ സംഘങ്ങളെയാണ് കേന്ദ്രമന്ത്രി ആദരിച്ചത്.
ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ നേരിടുന്ന വെല്ലുവിളികളെകുറിച്ചും അതിജീവനമാർഗങ്ങളെക്കുറിച്ചും ദ്വിദിന സമ്മേളനത്തിൽ ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നിള്ള പതിനായിരം പ്രതിനിധികളാണ് പങ്കെടുത്തത്.
ഈ മാസം രണ്ടാം തിയതി ആരംഭിച്ച ദേശീയ സമ്മേളനം കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഉദ്ഘാടനം ചെയ്തത്. ഡൽഹി പുസ റോഡ് ഐസിഎആർ-ഐഎആർഐ മൈതാനിയിയിൽ നടന്ന ചടങ്ങിൽ സഹകാർഭാരതി ദേശീയ അദ്ധ്യക്ഷൻ ഡി.എൻ. ഠാക്കൂർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സഹകരണവകുപ്പ് സഹമന്ത്രി ബി.എൽ. വർമ്മ, സ്വാഗതസംഘം ചെയർമാൻ രാധേശ്യാം ചന്ദക്, ദേശീയ ജനറൽ സെക്രട്ടറി ഡോ. ഉദയ് ജോഷി തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.


















