മുംബൈ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ആകാംക്ഷയോടെ ലോകം കാത്തിരിക്കുകയാണ്. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ 13 ദിവസം നീണ്ടു നിൽക്കുന്ന ‘ ദോ ദാഗേ ശ്രീ രാം കേ ലിയെ’ ക്യാമ്പയിന് പൂനെയിൽ ഇന്നലെ ആരംഭംകുറിച്ചിരിക്കുകയാണ്.
ജനങ്ങൾ നെയ്‌തെടുക്കുന്ന വസ്ത്രങ്ങളായിരിക്കും ശ്രീരാമന് ആദരപൂർവ്വം നൽകുന്നത്. നെയ്‌തെടുക്കുന്ന പട്ട് തുണിയിൽ വെള്ളി നൂലുകൊണ്ട് അലങ്കരിച്ചുള്ള ഉടയാടയാണ് രാംലല്ലയ്‌ക്ക് മുമ്പാകെ കാഴ്ചവയ്‌ക്കുക. ഏകദേശം 10 ലക്ഷത്തിലധികം ജനങ്ങളാണ് ശ്രീരാമനു വേണ്ടി വസ്ത്രങ്ങൾ നെയ്‌തെടുക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്. ശ്രീരാമ ജന്മഭൂമി തീർത്ഥട്രസ്റ്റ്, പരമ്പരാഗതമായി പൂനെയിൽ നെയ്‌ത്ത് തൊഴിലാളികളുടെ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിനിന് തുടക്കം കുറിച്ചിരിക്കുന്നത്. ലോകം ഉറ്റു നോക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി നടത്തുന്ന ക്യാമ്പയിനിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സമൃതി ഇറാനിയും രാമ ക്ഷേത്ര ട്രസ്റ്റ് ദേവ് ഗിരി മഹാരാജും രംഗത്തെത്തിയിരുന്നു.
” നിരവധി ജനങ്ങളാണ് ക്യാമ്പയിനിന്റെ ഭാഗമാവാൻ എത്തുന്നത്. വളരെ കൃത്യതയോടെയും ക്ഷമയോടെയും ചെയ്യേണ്ട തൊഴിലാണിത്. രാംലല്ലയ്‌ക്ക് നൽകുന്ന വസ്ത്രങ്ങൾ വളരെ മികച്ചതാക്കാൻ ഞങ്ങൾ ശ്രമിക്കും. ഇതിനായി നെയ്‌ത്തിൽ പ്രാവീണ്യം നേടിയ വിദഗ്ധരുടെ മേൽ നോട്ടത്തിലായിരിക്കും ജനങ്ങൾക്ക് പരിശീലനം നൽകുക. ശ്രീരാമനു വേണ്ടിയുള്ള ഈ ദൗത്യം ഞങ്ങളെ പൂർണ വിശ്വാസത്തോടെ ഏൽപ്പിച്ച ജന്മഭൂമി തീർത്ഥട്രസ്റ്റിനും ജനങ്ങൾക്കും നന്ദി പറയുന്നു”- ക്യാമ്പയിനിന്റെ സംഘാടകയായ അനഘ ഗൈസാസ് പറഞ്ഞു.
അയോദ്ധ്യയിലെ രാംലല്ലയുടെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾക്കാണ് സർക്കാർ പദ്ധതിയിടുന്നത്. പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ രാമായണം, രാമചരിതമാനസ്, ഹനുമാൻ ചാലിസ എന്നിവ തുടർച്ചയായി പാരായണം ചെയ്യും. വിവിധ സങ്കീർത്തന ട്രൂപ്പുകളാകും ഓരോ ദിവസവും പാരായണം നടത്തുക. മകരസംക്രാന്തി മുതൽ രാമക്ഷേത്രം ഉദ്ഘാടനം വരെ ഭജനകളും സുന്ദരകാണ്ഡവും അഖണ്ഡ രാമായണവും തുടർച്ചയായി പാരായണം ചെയ്യും. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ്.
Discussion about this post