ന്യൂദൽഹി: സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്നും കേന്ദ്രം വ്യക്തമാക്കി. ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്.
മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം.
തെരഞ്ഞെടുപ്പുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കജനകമാണ്. രാജ്യത്തിന്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങൾ പലതും സാമ്പത്തികമായി തകരുമായിരുന്നു. ഭരിക്കുന്ന രാഷ്‌ട്രീയ നേതാക്കൾക്ക് ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശം നൽകണമെന്ന് ചീഫ് സെക്രട്ടറിമാരോട് കേന്ദ്രം നിർദേശിച്ചു.
യോഗത്തില്‍ ക്ഷേമപദ്ധതികളും സൗജന്യ വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസം വിലയിരുത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്‌കൂള്‍ ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കാമെങ്കിലും സൗജന്യ കുടിവെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ ഖജനാവ് ചോര്‍ത്തുമെന്നും തെറ്റായ കീഴ്‌വഴക്കമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ക്ഷേമപദ്ധതികള്‍ നടപ്പാക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ വരുമാനം മെച്ചപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
Discussion about this post