ന്യൂഡൽഹി: ആയുധപരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യക്തികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നത് ഒരിക്കലും നിസാരമായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയത് സുപ്രീംകോടതി, ഡൽഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ട് ഉത്തരവായത്.
തീവ്രവാദവിരുദ്ധ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് വേണ്ടി 1994ലെ റ്റാഡ കേസിലെ സുപ്രീംകോടതി വിധിയെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. യുഎപിഎ കേസിൽ 2019ൽ പുറപ്പെടുവിച്ച വിധിയെ പരിഗണിക്കാതെ ആയിരുന്നു നീക്കമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. യുഎപിഎ കേസുകളിൽ പരമാവധി 180 ദിവസം വരെ അന്വേഷണത്തിനായി നീട്ടി നൽകാമെന്നാണ് ഈ വിധിയിൽ പറയുന്നത്.
യുഎപിഎ, ഐപിസി, ആയുധ നിയമം തുടങ്ങീ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു പ്രതിക്കെതിരെ കേസെടുത്തത്. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ കാലതാമസം വരുത്തിയെന്നാരോപിച്ചാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുവെന്നത് ഒരിക്കലും നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈ വിഷയം ഇന്ത്യയെ മാത്രമല്ല മറ്റ് രാജ്യങ്ങളേയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടി.
മാത്രമല്ല ഈ കേസിൽ എഫ്എസ്എൽ റിപ്പോർട്ടും പരിഗണിക്കാനിരിക്കുകയായിരുന്നു. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയതിനാലും, പ്രതിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലും പ്രതിയെ തടങ്കലിൽ വയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു.
Discussion about this post