കൊല്‍ക്കത്ത: നേതാജിയുടെ സ്മരണ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആത്മവിശ്വാസത്തോടെയും രാഷ്ട്രത്തോടുള്ള വിശുദ്ധഭാവത്തോടെയും നാടിന് വേണ്ടി ജീവിക്കാനും മരിക്കാനും തയാറായി മുന്നേറിയ ഒരു തലമുറയുടെ നായകനായിരുന്നു നേതാജി. ആ ഓര്‍മ്മകളിലൂടെ നമ്മുടെ തലമുറ അദ്ദേഹത്തിന്റെ ഗുണങ്ങളെ സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നേതാജി ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനികഭാരതത്തിന്റെ ശില്പികളിലൊരാളാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. രാജ്യത്തിന് വേണ്ടി അദ്ദേഹം അനുഷ്ഠിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അനുഭവങ്ങള്‍ നമ്മള്‍ പഠിക്കണം, ജീവിതത്തില്‍ പകര്‍ത്തണം.അഹന്തയുടെയും സ്വാര്‍ത്ഥതയുടെയും ഭിന്നതകളുടെയും ചങ്ങലകള്‍ ഇന്നും രാജ്യത്ത് തുടരുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നമ്മള്‍ നമ്മുടെ കാര്യം നോക്കി ഉറക്കത്തിലാണ്ടു. ഞാന്‍, എന്റെ കുടുംബം എന്നതിനപ്പുറമുള്ള ഒരു കാഴ്ചയും നമ്മള്‍ കണ്ടില്ല. അതുകൊണ്ടുതന്നെ നേതാജിയോടുള്ള നമ്മുടെ സ്മരണ കൃതജ്ഞതാഭരിതമാകണം. അദ്ദേഹം രാഷ്ട്രത്തിനായാണ് ജീവിച്ചത്, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
സ്വന്തം സ്വപ്നങ്ങള്‍ പൂര്‍ത്തിയാകുമോ എന്ന് നേതാജി ചിന്തിച്ചില്ല. അദ്ദേഹത്തിന് അത് അറിയാമായിരുന്നു. തന്റെ കാലത്തിനോ തലമുറയ്‌ക്കോ വേണ്ടി മാത്രമല്ല നേതാജി പ്രവര്‍ത്തിച്ചത്. ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് അദ്ദേഹത്തിന്റെ ഒരു ജന്മം തികയുമായിരുന്നില്ല. അതൊരു തുടര്‍ച്ചയാണ്. തലമുറകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
Discussion about this post