ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥികളായി തുടരില്ലെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. പിറന്ന നാടിനെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവും. അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക് അടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനഗറിലെ ജഗ്തിയില്‍ മടങ്ങിയെത്തിയ കശ്മീരി പണ്ഡിറ്റുകളുടെ ക്യാമ്പ് ഏരിയയില്‍ ഫുട്‌ബോള്‍ ടര്‍ഫ് നവീകരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.75 കോടി രൂപ മുടക്കിയാണ് ഫുട്‌ബോള്‍ ടര്‍ഫ് നവീകരിക്കുന്നത്. അറൂനൂറ് പേര്‍ക്കിരിക്കാവുന്ന പവലിയന്‍ സഹിതമാണ് നവീകരണം.
രാഷ്‌ട്രത്തോടുള്ള കശ്മീരിയുവാക്കളുടെ പ്രതിബദ്ധതയ്‌ക്കുള്ള സമ്മാനമാണ് ഇതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യത്തെ എല്ലാ സമൂഹവും പൈതൃകഭൂമിയും സംസ്‌കൃതിയും വീണ്ടെടുക്കുകയാണ്. കശ്മീരി പണ്ഡിറ്റുകള്‍ക്കും അത് സാധ്യമാവും.
കുടിയേറ്റ കുടുംബങ്ങളെന്ന് ഇന്ന് വിളിക്കുന്ന സമൂഹത്തെ സ്വതന്ത്രജീവിതത്തിലേക്ക് ആനയിക്കുകയാണ് ലക്ഷ്യം. ജമ്മു കശ്മീര്‍ നിയമസഭയില്‍ പണ്ഡിറ്റ് സമൂഹത്തിന് പ്രാതിനിധ്യം ഉറപ്പാക്കുന്ന കേന്ദ്രനീക്കം ആ നിലയിലുള്ള ഉജ്ജ്വലമായ ചുവടുവയ്പാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിത ഭാരതമെന്ന രാഷ്‌ട്രത്തിന്റെയാകെ ലക്ഷ്യത്തിലേക്ക് കശ്മീരിലെ യുവാക്കള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് മനോജ് സിന്‍ഹ ഓര്‍മ്മിപ്പിച്ചു.
Discussion about this post