നോയിഡ: വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസമാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിസോഴ്സ് ആന്‍ഡ് റിസര്‍ച്ച് സെന്ററായ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ’ ഭൂമിപൂജ, സെക്ടര്‍ 145 നോയിഡയില്‍ നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതവിദ്യാഭ്യാസ മേഖല രാഷ്ട്രത്തിന്റെ തനിമയില്‍ പുനരാവിഷ്‌കരിക്കേണ്ടതുണ്ട്. വിദേശികള്‍ അവരുടെ വിധേയരെ സൃഷ്ടിക്കാന്‍വേണ്ടി നടപ്പാക്കിയ വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഇപ്പോളും ഭാരതത്തിന്റെ ഗവേഷണരംഗമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് തനിമയിലേക്ക് തിരിഞ്ഞുനടക്കുകയും തനിമയുടെ അടിത്തറയില്‍ ഉയരുകയും വേണം. രാഷ്ട്രത്തിനെതിരായ കുപ്രചരണങ്ങളെ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ചെറുക്കുന്നതിന് ആഴത്തിലുള്ള ഗവേഷണം അനിവാര്യമാണ്. അതിന് ദേശീയ ചിന്താഗതിയുള്ള ഗവേഷകര്‍ കൂടുതലായി മുന്നോട്ടുവരണം, ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
ഭാരതത്തിന്റെ ചരിത്രം എത്രമാത്രം മഹത്തരമാണെന്ന് നമ്മുടെ പുതിയ തലമുറയ്ക്ക് അറിയില്ല. അവരില്‍ നാടിനെ കുറിച്ച് അപകര്‍ഷതാബോധം സൃഷ്ടിക്കുകയാണ് വിദേശികള്‍ ചെയ്തത്. സംസ്‌കൃതം മൃതഭാഷയാണെന്ന് അവര്‍ പ്രചരിപ്പിച്ചു. അതുവഴി ഭാരതത്തിന്റെ വിശ്രുതമായ വൈജ്ഞാനിക സമ്പത്ത് നമ്മുടെ യുവാക്കള്‍ക്ക് അന്യമാക്കി. ഭാരതീയവിദ്യാഭ്യാസം മൂല്യങ്ങളെക്കുറിച്ച് പഠിപ്പിച്ചു. ശസ്ത്രക്രിയ ഒരു വിദേശ കണ്ടുപിടുത്തമാണെന്നാണ് അവര്‍ പഠിപ്പിച്ചത്. ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത തലമുറ വളര്‍ന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഈ തെറ്റായ വിദ്യാഭ്യാസരീതിയല്‍ നിന്ന് പുതിയ തലമുറയെ മോചിപ്പിക്കാനുള്ള ദൗത്യമാണ് വിദ്യാഭാരതിക്കുള്ളതെന്ന് സഹസര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.
വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാര്യദര്‍ശി പ്രൊഫ. നരേന്ദ്രകുമാര്‍ തനേജ, പ്രസിഡന്റ് പ്രൊഫ. കൈലാഷ് ചന്ദ്ര ശര്‍മ്മ എന്നിവരും സംസാരിച്ചു.
Discussion about this post