അമരാവതി: ഐഎസ്‍ആർഒയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 ഡി-എസ് വിക്ഷേപിക്കാനിരിക്കെ ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ മേധാവി എസ്‍ സോമനാഥ്. ആന്ധ്രാപ്രദേശ് സുല്ലൂർപേട്ടയിലെ ശ്രീ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് സോമനാഥ് ദർശനം നടത്തിയത്. അതിരാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നടന്ന വിവിധ പൂജകളിലും പങ്കെടുത്തു. ക്ഷേത്ര പുരോഹിതനിൽ നിന്നും പ്രസാദം സ്വീകരിച്ച ശേഷമാണ് സോമനാഥ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഇന്ന് വൈകിട്ട് 5.35-നാണ് ഇൻസാറ്റ് 3 ഡി-എസ് വിക്ഷേപിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണം, പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇസ്രോ അറിയിച്ചു. ഇൻസാറ്റ് 3 ഡി -എസിലൂടെ സമുദ്രത്തിന്റെയും കരയുടെയും ഉപരിതല നിരീക്ഷണവും സാധ്യമാകും.
ജിഎസ്എൽവിയുടെ 16-മത്തെ ദൗത്യമാണിത്. ഇന്ത്യൻ കാലാവസ്ഥ പ്രവചനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സജ്ജീകരണങ്ങളോടെയാണ് ഇൻസാറ്റ്-3ഡി എസ് നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര ഭൗമശാസ്ത്ര വകുപ്പാണ് ഉപഗ്രഹ വിക്ഷേപണത്തിന് ധനസഹായം നൽകിയത്.
Discussion about this post