ഗുവാഹതി(ആസാം): മുസ്ലീം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം (1935) ആസാം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശൈശവ വിവാഹങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ തീരുമാനം. പെണ്‍കുട്ടിയുടെ പ്രായം പതിനെട്ടും വരന്റെ പ്രായം 21 ഉം ആകുന്നതിന് മുമ്പ് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നതായിരുന്നു റദ്ദാക്കിയ നിയമം. ആ നിയമം തന്നെ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചൂണ്ടിക്കാട്ടി.
പുതിയ തീരുമാനം അനുസരിച്ച് മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചുമതല ജില്ലാ കമ്മിഷണര്‍ക്കും ജില്ലാ രജിസ്ട്രാര്‍ക്കും ആയിരിക്കും. അസാധുവാക്കിയ നിയമപ്രകാരം ശൈശവവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരുന്ന 94 മുസ്ലീം രജിസ്ട്രാര്‍മാരെയും നിശ്ചയിച്ച ശമ്പളം നല്കി അവരുടെ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പൊതുസിവില്‍ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ആദ്യപടികളിലൊന്നാണ് തീരുമാനമെന്ന് ആസാം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. അതേസമയം ഇത് പാഴ് പരിശ്രമമാണെന്ന് എഐയുഡിഎഫ് എംഎല്‍എ ഡോ ഹാഫിസ് റഫീഖുല്‍ ഇസ്ലാം കുറ്റപ്പെടുത്തി. അവര്‍ക്ക് യുസിസി കൊണ്ടുവരാന്‍ ധൈര്യമില്ല, തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലീങ്ങളെ ലക്ഷ്യമിടാനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് ഹാഫിസ് റഫീഖുല്‍ ഇസ്ലാം പറഞ്ഞു.
Discussion about this post