പഞ്ച്കുല(ഹരിയാന): അഞ്ചാമത് ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവത്തിന് ഹരിയാനയിലെ പഞ്ച്കുലയില്‍ പ്രൗഢോജ്ജ്വല തുടക്കം. സിനിമകള്‍ സമൂഹത്തില്‍ നല്ല മൂല്യങ്ങള്‍ പകര്‍ത്താനുള്ളതാകണമെന്ന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. ദേശത്തിന്റെ തനിമയും സംസ്‌കൃതിയും പ്രചരിപ്പിക്കുന്നതിനായാണ് ഹരിയാന സര്‍ക്കാര്‍ ഫിലിം ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പോളിസി ഉണ്ടാക്കിയത്. ഈ നയത്തിന്റെ ഭാഗമായി പഞ്ച്കുലയിലെ പിഞ്ചോറില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന നിയമസഭാ സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്തയും ചടങ്ങില്‍ പങ്കെടുത്തു.
അനന്ത് വിജയ് എഴുതിയ ഒടിടി കാ മായാജാല്‍ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എട്ട് ഷോര്‍ട്ട് ഫിലിമുകള്‍, ഒന്‍പത് ഡോക്യുമെന്ററികള്‍, കുട്ടികളുടെ 13 സിനിമകള്‍, 17 കാമ്പസ് പ്രൊഫഷണല്‍ ഷോര്‍ട്ട് ഫിലിംസ് എന്നിവയുടെ പ്രദര്‍ശനത്തോടെയാണ് ത്രിദിന ചലച്ചിത്രമേളയ്ക്ക് ഹരിയാന ടൂറിസം വകുപ്പിന്റെ റെഡ് ബിഷപ് കോംപ്ലക്സില്‍ തുടക്കം കുറിച്ചത്. ചലച്ചിത്രോത്സവത്തിലെ മികച്ച സിനിമകള്‍ക്ക് 10 ലക്ഷം രൂപയും പ്രശസ്തി പത്രവും ഭാരതീയ ചിത്ര സാധന ശില്പവും നല്‍കി ആദരിക്കും.
ഭാരതീയ ചിത്ര സാധനയുടെ അഞ്ചാം പതിപ്പില്‍ 19 സംസ്ഥാനങ്ങളില്‍ നിന്ന് 25 ഭാഷകളിലായി 663 സിനിമകളാണ് അപേക്ഷകളായി വന്നത്. അതില്‍ തെരഞ്ഞെടുത്ത 133 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Discussion about this post