ഉദയ്പൂര്‍(രാജസ്ഥാന്‍): പഠിത്തമൊക്കെ നന്നായി നടക്കുന്നില്ലേ, കളിയും പഠനവും ഒരുമിച്ച് കൊണ്ടുപോകണം…. ഖേര്‍വാഡയിലെ വനവാസി വിദ്യാര്‍ത്ഥികളോട് ഉപദേശവുമായി സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഖേര്‍വാഡ ഖോഖദാരയില്‍ വനവാസി കല്യാണാശ്രമം സ്ഥാപിച്ച ഹോസ്റ്റലിലാണ് ഇന്നലെ അക്ഷയ് എത്തിയത്.ഓരോ കുട്ടിയോടും അദ്ദേഹം കുശലം ചോദിച്ചു. അവരുടെ നോട്ട് പുസ്തകള്‍ പരിശോധിച്ചു. പഠനവിവരങ്ങള്‍ അന്വേഷിച്ചു. ആരോഗ്യം നന്നായി നോക്കണമെന്ന് ഉപദേശിച്ചു. കുട്ടികള്‍ക്കൊപ്പം അല്പനേരം കളിച്ചു. പ്രാര്‍ത്ഥന ചൊല്ലി. ആരതിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫോട്ടോ സെഷനിലും പങ്കെടുത്തു.


ഖോഖദാരയിലെ വനവാസി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ പൂര്‍ത്തിയാക്കുന്നതിന് അക്ഷയ്കുമാറിന്റെ പിന്തുണയുമുണ്ടായിരുന്നു. ഹോസ്റ്റല്‍ ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാതിരുന്ന അദ്ദേഹം ഇന്നലെ സമ്മാനങ്ങളുമായി ഹോസ്റ്റലില്‍ വന്നത് കുട്ടികള്‍ക്ക് ആഹ്ലാദമായി.വനവാസി കല്യാണാശ്രമം രാജസ്ഥാന്‍ വൈസ് പ്രസിഡന്റ് ജഗദീഷ് ജോഷിയുമായി സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അക്ഷയ് ചോദിച്ചറിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്കി. വീണ്ടും വരാമെന്ന് കുട്ടികള്‍ക്ക് വാക്ക് നല്കിയാണ് അക്ഷയ് മടങ്ങിയത്.
Discussion about this post