ന്യൂദല്‍ഹി: സിഎഎ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും അത് നടപ്പാക്കിയത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അധികാരത്തില്‍ വന്നാല്‍ സിഎഎ അറബിക്കടലിലെറിയുമെന്നാണ് ഇന്‍ഡി മുന്നണിക്കാര്‍ പറയുന്നത്. അധികാരം സ്വപ്നം കാണാനുള്ള ശേഷി പോലും അവര്‍ക്കില്ല. മുന്നണിയിലെ ഒരു പാര്‍ട്ടിയും അത്തരമൊരു സ്വപ്നം വച്ചുപുലര്‍ത്തുന്നില്ല. സിഎഎ ജനങ്ങള്‍ക്ക് ബിജെപി നല്കിയ വാഗ്ദാനമാണ്. അത് നടപ്പാക്കിയത് നരേന്ദ്രമോദി നേതൃത്വം നല്കുന്ന സര്‍ക്കാരാണ്. ആ നിയമം പിന്‍വലിക്കുന്ന പ്രശ്‌നമേയില്ല. രാജ്യത്ത് ഭാരതീയ പൗരത്വം ഉറപ്പാക്കാനുള്ള ഞങ്ങളുടെ പരമാധികാരമാണത്. അതില്‍ ഞങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല, അദ്ദേഹം പറഞ്ഞു.
സിഎഎ റദ്ദാക്കുക അസാധ്യമാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് രാജ്യമെമ്പാടും അവബോധം സൃഷ്ടിക്കും. സിഎഎ ഭരണഘടനാവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നവരെ ജനം തിരിച്ചറിയും. അവര്‍ എപ്പോഴും ആര്‍ട്ടിക്കിള്‍ 14 നെക്കുറിച്ചാണ് സംസാരിക്കുന്നത്. ആ ആര്‍ട്ടിക്കിളില്‍ രണ്ട് ക്ലോസുകളുണ്ടെന്ന് അവര്‍ മറക്കുന്നു. സിഎഎ ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുന്നില്ല. വിഭജനം കാരണം അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊര്‌രെ തുടരേണ്ടി വന്നവര്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ഭാരതത്തിലേക്ക് അഭയം തേടി എത്തുകയും ചെയ്തു. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിയമം, അമിത് ഷാ ചൂണ്ടിക്കാട്ടി.
Discussion about this post