പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലാ പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം സംഘടിപ്പിച്ച എഴിനി ഫെസ്റ്റില്‍ രാമായണത്തെ അപമാനിക്കുന്ന നാടകം. സോമായനം എന്ന പേരില്‍ അരങ്ങേറിയ നാടകത്തിന് പിന്നില്‍ സര്‍വകലാശാലയിലെ ഇടത് അനുകൂലികളായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എബിവിപി രംഗത്തെത്തി. 29നാണ് എഴിനി ഫെസ്റ്റ് അരങ്ങേറിയത്. സീത രാവണന് ഗോമാംസം നല്കുന്നതായും രാവണനുമൊത്ത് നൃത്തം ചെയ്യുന്നതായും ഒക്കെയാണ് നാടകത്തില്‍ അവതരിപ്പിക്കുന്നത്. ഹനുമാന്റെ വാല്‍ രാമനുമായി ആശയവിനിമയത്തിനുപയോഗിക്കുന്ന ആന്റിനയായും ചിത്രീകരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കമാണ് നാടകത്തിന് പിന്നിലെന്ന് എബിവിപി ചൂണ്ടിക്കാട്ടി. സര്‍ഗാത്മകമായ ആവിഷ്‌കാരമെന്ന പേരില്‍ മറ്റുള്ളവരില്‍ വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് അനുവദിക്കാനാകില്ല.
സംസ്‌കാരത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് എബിവിപി സര്‍വകലാശാലാ ഘടകം ചൂണ്ടിക്കാട്ടി.നാടകത്തിന്റെ രചയിതാവും സംവിധായകനുമായ പുഷ്പരാജ് എന്ന വിദ്യാര്‍ത്ഥിയെ പിരിച്ചുവിടണമെന്നും പെര്‍ഫോമിങ് ആര്‍ട്സ് വിഭാഗം മേധാവി ഡോ. ശരവണന്‍ വേലുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
Discussion about this post