ശ്രീനഗര്‍: അനന്തനാഗിലെ ചരിത്രപ്രസിദ്ധമായ മാര്‍ത്താണ്ഡ സൂര്യക്ഷേത്രം നവീകരിക്കാന്‍ തീരുമാനം. 1700 വര്‍ഷം മുമ്പ് അധിനിവേശ ശക്തികള്‍ തകര്‍ത്ത ക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള തീരുമാനം കശ്മീര്‍ ഭരണകൂടം പ്രഖ്യാപിച്ചു. ചക്രവര്‍ത്തി ലളിതാദിത്യ മുക്തപിഡയുടെ പ്രതിമയും ക്ഷേത്രപരിസരത്ത് സ്ഥാപിക്കും.
മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തോടൊപ്പം ജമ്മു കശ്മീരിലെ മറ്റ് പുരാതന ക്ഷേത്രങ്ങളും പുനരുദ്ധരിക്കുമെന്ന് ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കശ്മീരി ഹിന്ദു സമൂഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
ഭാരതത്തിലെ വിഖ്യാതമായ നാല് സൂര്യക്ഷേത്രങ്ങളിലൊന്നാണ് അനന്തനാഗിലേത്. ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം, ഗുജറാത്തിലെ മെഹ്സാനയില്‍ മൊധേര സൂര്യക്ഷേത്രം, രാജസ്ഥാനിലെ ഝല്‍രാപട്ടനിലെ സൂര്യക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങള്‍. എട്ടാം നൂറ്റാണ്ടില്‍ മഹാരാജാ ലളിതാദിത്യനാണ് അനന്തനാഗിലെ മാര്‍ത്താണ്ഡ ക്ഷേത്രം നിര്‍മ്മിച്ചത്. ലളിതാദിത്യന്റെ ഭരണം ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ സാംസ്‌കാരികവ്യാപനത്തിന് കാരണമായിരുന്നു. മധ്യേഷ്യ വരെ സ്വാധീനമുണ്ടായിരുന്ന രാജാവാണ് ലളിതാദിത്യന്‍. 1389 നും 1413 നും ഇടയില്‍ പലതവണ ഇത് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്നാണ് ചരിത്രരേഖകള്‍. സിക്കന്ദര്‍ ഷാ മിരി എന്ന ആക്രമണകാരിയാണ് ക്ഷേത്രം തകര്‍ത്തത്.
മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തിന് ചുറ്റും 84 ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു, അവയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ മട്ടനിലുള്ള ശിവക്ഷേത്രത്തില്‍ മാത്രമാണ് ഇപ്പോള്‍ ആരാധനയുള്ളത്. ശ്രീനഗറില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Discussion about this post