സത്താറ(മഹാരാഷ്ട്ര): സമര്‍പ്പണവും ത്യാഗവും നിറഞ്ഞ 30 വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് അയോദ്ധ്യയിലെ രാമക്ഷേത്രപ്രാണപ്രതിഷ്ഠ സാധ്യമാക്കിയതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അഞ്ച് നൂറ്റാണ്ട്, നിരവധി തലമുറകള്‍ ഉള്ളില്‍പ്പോറ്റിയ സ്വപ്‌നമായിരുന്നു അത്. ഒരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണിത്. 500 വര്‍ഷത്തെ പോരാട്ടം കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ തുടര്‍ച്ചയായ സഹനസമരത്തിലൂടെ ഫലവത്തായി. പ്രാണപ്രതിഷ്ഠയിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ആത്മവിശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും അന്തരീക്ഷം ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്രപതി സംഭാജിനഗറില്‍ ദത്താജി ഭലേ സ്മൃതി സമിതി കാര്യാലയമായ സമര്‍പണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
ഭാരതം അതിന്റെ പ്രൗഢമായ പാരമ്പര്യത്തിന് അനുസരിച്ച് ആഗോളതലത്തില്‍ ഉയരുകയാണ്. ലോകം ഇന്ന് ഭാരതത്തിന്റെ മഹത്വത്തെ അംഗീകരിക്കുന്നു. അതിന് അനുസരിച്ച് ഓരോ ഭാരതീയനും സ്വയം നവീകരിക്കണം. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്കായി നിരന്തരം പരിശ്രമിക്കണം. അച്ഛേ ദിന്‍ ആനന്ദം നല്കും. എന്നാല്‍ അതിന് പിന്നാലെ കഠിനാധ്വാനത്തെക്കൂടി കാണാതെ പോകരുത്, ഭാഗവത് പറഞ്ഞു. പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യപോരാട്ടത്തെക്കുറിച്ചോ അടിയന്തരാവസ്ഥയെക്കുറിച്ചോ അറിയണമെന്നില്ല. അവരിലേക്ക് സമര്‍പ്പണത്തിന്റെ ഈ പാഠം എത്തണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഈ പുരോഗതിക്കായി കഠിനപരിശ്രമം നടത്തിയവര്‍ പലരും ഇന്നില്ല. അവരുടെ ജീവിതകാലത്ത് നടക്കില്ലെന്ന് അറിഞ്ഞിട്ടും നിസ്വാര്‍ത്ഥഭാവത്തോടെ രാഷ്ട്രത്തിന് വേണ്ടി അവര്‍ നിരന്തരം പ്രവര്‍ത്തിച്ചവരാണ്, മോഹന്‍ ഭാഗവത് പറഞ്ഞു. അറിവിനൊപ്പം വിനയവും ഉള്ളവരെയാണ് വിജയം അനുഗ്രഹിക്കുക. രാവണനെ തോല്പിച്ചത് അയാളുടെ അഹന്തയാണ്. രാമനെ വിജയിപ്പിച്ചത് വിനയവും, മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അനില്‍ ഭലേറാവു, ദത്താജി ഭലേ സ്മൃതി സമിതി അധ്യക്ഷന്‍ ദേവാനന്ദ് കോട്ഗിരെ, കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവുസാഹേബ് ദന്‍വെ, മന്ത്രി അതുല്‍ സേവ്, എംഎല്‍എ ഹരിഭാവു ബാഗ്ഡെ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post