ന്യൂദല്‍ഹി: മൂന്നാം വയസില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടമായ രാധാ സലാം മുതല്‍ ഇരുകാലുകളും അറ്റുപോയ മഹാദേവ് വരെ…. നാല് പതിറ്റാണ്ടായി മാവോയിസ്റ്റ് ഭീകരതയുടെ ദുരിതം പേറുന്ന ബസ്തറില്‍ നിന്ന് അമ്പതോളം പേരാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിഭവനിലെത്തി. ഇടതുഭീകരവാഴ്ച തങ്ങളുടെ ഗ്രാമങ്ങളെ നശിപ്പിച്ചതിന്റെ ചരിത്രം അവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പങ്കുവച്ചു. ബസ്തര്‍ ശാന്തി സമിതിയുടെ നേതൃത്വത്തിലാണ് ഗ്രാമീണര്‍ രാഷ്ട്രപതി ഭവനിലെത്തിയത്.
ഗോത്രവര്‍ഗ സംസ്‌കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ട ബസ്തര്‍ ഇപ്പോള്‍ മാവോയിസ്റ്റ് അക്രമങ്ങളുടെ കേന്ദ്രമായി മാറിയെന്ന് ശാന്തി സമിതി അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി മാവോയിസ്റ്റുകള്‍ ബസ്തറിലെ ജനങ്ങളുടെ ജീവിതം നരകമാക്കിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിലും വനമേഖലകളിലും മാവോയിസ്റ്റുകള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചു. ഇതുമൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട രാധാ സലാം മൂന്ന് വയസുള്ളപ്പോഴാണ് തനിക്ക് ഇത് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി. ഞങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ല. പള്ളിക്കൂടങ്ങള്‍ അവര്‍ തകര്‍ത്തു. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത്തരം യാതനകള്‍ ബസ്തര്‍ നിവാസികള്‍ അനുഭവിക്കേണ്ടിവരുന്നതെന്ന് രാധ ചോദിച്ചു.
മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്ന് ബസ്തറിനെ മോചിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ശാന്തിസമിതിയുടെ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നല്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്കി. ഇടതുപക്ഷ തീവ്രവാദികള്‍ അക്രമം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരണമെന്ന് ദ്രൗപതി മുര്‍മു എക്‌സിലൂടെ ആവശ്യപ്പെട്ടു.
Discussion about this post