ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം എത്രയും വേഗം പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എബിവിപി. തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല ആവശ്യപ്പെട്ടു. ദല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ കോടതി തടഞ്ഞ സാഹചര്യത്തിലാണ് എബിവിപി നിലപാട് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്‍ വൈസ് ചാന്‍സലര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍ ആവശ്യപ്പെട്ടു. ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് അവസാനിപ്പിക്കുന്നതിനുപകരം, പരിഹാരമാണ് വേണ്ടതെന്ന് ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി പറഞ്ഞു.
ഇന്നലെ വോട്ടെണ്ണല്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോടതി നിര്‍ദേശത്തെതുടര്‍ന്ന് വോട്ടെണ്ണല്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകള്‍, ഹോര്‍ഡിങ്ങുഗുകള്‍, ചുവരെഴുത്തുകള്‍ എന്നിവ നീക്കം ചെയ്തെന്ന് കോടതിക്ക് തൃപ്തിപ്പെടുന്നതുവരെ ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എന്നിവയുടെ വോട്ടെണ്ണല്‍ നടത്തരുതെന്നാണ് കോടതി നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ നിന്ന് സാമഗ്രികള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍, ബാലറ്റ് ബോക്സുകള്‍ എന്നിവ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കാനുമാണ് കോടതി ഉത്തരവ്.
Discussion about this post