ന്യൂദല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി. നാരായണന്‍ ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ജേണലിസം പുരസ്‌കാരം ഏറ്റുവാങ്ങി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഡോ. മുരളിമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ഇന്നലെ ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്.
സാമൂഹ്യ മേഖലയിലെ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ദത്തോപന്ത് ഠേംഗ്ഡിജി സേവാ സമ്മാന്‍ മുന്‍ കേന്ദ്രമന്ത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ മനേക ഗാന്ധി, ബസേലിയോസ് ക്ലിമ്മീസ് കാത്തോലിക്കാ ബാവാ, കോഴിക്കോട് നിവേദിത തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ പി. ഹരീഷ് കുമാര്‍, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ജി. രാജമോഹന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
മികച്ച സയന്‍സ് റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ഉമേന്ദ്ര ദത്തും ആരോഗ്യ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരായ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്റ് ജീജോ ജോണ്‍ പുത്തേഴത്തും കലാസാംസ്‌കാരിക മേഖലയിലെ മികവിനുള്ള പുരസ്‌കാരം ബെംഗളൂരുവിലെ ഭരതനാട്യം നര്‍ത്തകന്‍ സത്യനാരായണ രാജുവും ഏറ്റുവാങ്ങി. പ്രവാസി ഭാരതീയര്‍ക്കുള്ള മികവിന്റെ പുരസ്‌കാരം നസീര്‍ വി. കോയക്കുട്ടി, അജിത് നായര്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ഭാരത് വികാസ് പരിഷത്ത് സംഘടനാ സെക്രട്ടറി സുരേഷ് ജെയിന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ആര്‍. ബാലശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post