പ്രയാഗ്രാജ്: ലോകം ത്രിവേണിയിലേക്ക് ഒഴുകുന്നു. മതവും വിശ്വാസവും രാജ്യാതിര്‍ത്തികളും മറികടന്ന് മഹാകുംഭ വിശ്വമാകെ തരംഗമാകുന്നു. ഇസ്ലാം മതവിശ്വാസിയായ തുര്‍ക്കിക്കാരി പിനാറിന് മഹാകുംഭയിലെ സ്‌നാനാനുഭവം പറയാന്‍ നൂറ് നാവ്. ഞാന്‍ ഈ നാടിന്റെ ആത്മീയ യാത്രയില്‍ പങ്കാളിയാകുന്നു നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി പിനാര്‍ പറഞ്ഞു.
സുഹൃത്തുക്കളില്‍ നിന്നാണ് മഹാകുംഭ മേളയെക്കുറിച്ച് അറിഞ്ഞത്. ത്രിവേണീസംഗമത്തിലെ ഈ ആത്മീയോത്സവത്തില്‍ പങ്കുചേരാന്‍ വര്‍ഷങ്ങളായുള്ള കാത്തിരിപ്പായിരുന്നു. ഇതൊരു ദൈവികമായ അനുഭവമാണ്. പുരാതനമായ ഭാരത സംസ്‌കൃതിയുടെ ഭാഗമായി ഞാനും ഒഴുകാന്‍ തുടങ്ങുന്നതിന്റെ അനുഭവം. ഗംഗയില്‍ കുളിക്കുന്നതും പ്രയാഗയുടെ മണ്ണില്‍ നടക്കുന്നതും മറ്റേതോ ലോകത്ത് എത്തിയ അനുഭവമാണ് പകരുന്നത്, പിനാര്‍ പറഞ്ഞു.
മഹാകുംഭത്തിന്റെ അന്തരീക്ഷം ഭാരതീയ പാരമ്പര്യങ്ങളുടെ ആഴം മനസിലാക്കാന്‍ അവസരമൊരുക്കുന്നു. ഇത് മതപരമായ ചടങ്ങല്ല, ലോകമെമ്പാടുമുള്ള ആളുകളെ ഈ നാടിന്റെ വൈവിധ്യങ്ങളോടും ഭക്തിയോടും ചേര്‍ത്തുനിര്‍ത്തുന്ന സാംസ്‌കാരിക അനുഭവമാണ്, പിനാര്‍ പറഞ്ഞു.
Discussion about this post