ന്യൂഡൽഹി: വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു.ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിനായി ചേർന്ന യോഗത്തിലായിരുന്നു അംഗീകാരം
വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബിൽ നിർദേശിക്കുന്നത്. ഭേദഗതി ബിൽ പ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടം നേടും. വഖഫ് കൗൺസിലിനു ഭൂമി അവകാശപ്പെടാൻ കഴിയില്ല എന്നതടക്കം നിരവധി നിർദേശങ്ങളാണു പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷമാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജ്ജു വഖഫ് ഭേദഗതി ബില്ല് മുന്നോട്ടുവച്ചത്.
‘എൻഡിഎ കൊണ്ടുവന്ന 14 ഭേദഗതികൾ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങൾ 44 ഭേദഗതികൾ കൊണ്ടുവന്നു. അവയെല്ലാം വോട്ടിങ്ങിലൂടെ പരാജയപ്പെട്ടു’, ജെപിസി മീറ്റിംഗ് കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു.
Discussion about this post