ബെംഗളൂരു: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് ചന്നേനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ചെയ്തതോടെ മൂന്ന് ദിവസത്തെ സുപ്രധാന യോഗം ആരംഭിച്ചു. രാജ്യത്ത എല്ലാ സംഘടനാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1482 പ്രതിനിധികളാണ് പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. പോയ വര്‍ഷം വിട പറഞ്ഞ പ്രമുഖര്‍ക്ക് പ്രതിനിധി സഭ ആദരാഞ്ജലി അര്‍പ്പിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ നൂറ് വര്‍ഷം പിന്നിടുന്ന പശ്ചാത്തലത്തില്‍ വികാസത്തിന്റെ വിലയിരുത്തലും ഭാവി പരിപാടികളുടെ ആസൂത്രണവുമാണ് പ്രതിനിധിസഭയില്‍ പ്രധാനമായും ഉണ്ടാവുകയെന്ന് വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വച്ച് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു. സംഘപ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കിയ പരിവര്‍ത്തനത്തെക്കുറിച്ച് പ്രതിനിധിസഭയില്‍ ചര്‍ച്ച നടക്കും.
ഈ സംഘടനാ വര്‍ഷം അവസാനിക്കുമ്പോള്‍ ശാഖകളുടെ എണ്ണത്തില്‍ പതിനായിരത്തിന്റെ വര്‍ധനവുണ്ടെന്ന് മുകുന്ദ പറഞ്ഞു. 51570 സ്ഥലങ്ങളിലായി 83129 ശാഖകളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 73 646 ആയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4430 കൂടി 32147 ആയി. മാസത്തില്‍ ഒരിക്കല്‍ ചേരുന്ന മണ്ഡലികളുടെ എണ്ണം 12091 ആണ്. ഇങ്ങനെ നിലവില്‍ രാജ്യത്തൊട്ടാകെ 127367 പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശതാബ്ദിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ കൂടുതല്‍ വ്യാപനമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനത്തിനായി തിരിച്ചിരുക്കുന്ന 58981 ഗ്രാമീണ മണ്ഡലങ്ങളില്‍ നിലവില്‍ 30717 ഇടത്ത് പ്രതിദിന ശാഖകള്‍ നടക്കുന്നുണ്ട്. 9200 മണ്ഡലങ്ങളില്‍ പ്രതിവാര മിലനുകളും. ഇത്തരത്തില്‍ 39917 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3050 ന്റെ വര്‍ധന, സി. ആര്‍. മുകുന്ദ പറഞ്ഞു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Discussion about this post