ന്യൂദൽഹി : ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയുടെ 400 ഏക്കർ ഭൂമി അനധികൃതമായി കയ്യേറാനും ലേലം ചെയ്യാനുമുള്ള തെലങ്കാന സർക്കാർ ശ്രമങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു . ഹൈദരാബാദ് സർവകലാശാലയുടെ ഗച്ചിബൗളിയിലുള്ള 400 ഏക്കർ വനഭൂമിയാണ് ഐടി ഹബ്ബ് വികസനത്തിന്റെ പേരിൽ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് തീറെഴുതി കൊടുക്കാൻ രേവന്ത് റെഡ്ഡി സർക്കാർ ശ്രമിക്കുന്നത്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സർവ്വകലാശാലയ്‌ക്ക് ലഭിച്ച ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടു നൽകാനുള്ള സർക്കാർ തീരുമാനം അപലപനീയമാണ് എന്ന് എബിവിപി വ്യക്തമാക്കി. സർവ്വകലാശാല ഭൂമി അനേകം ജന്തുജാലങ്ങളുടെ വാസസ്ഥലമാണ് എന്നും കേവലം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ എന്നും എബിവിപി അഭിപ്രായപ്പെട്ടു.
വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്ത് അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ച രേവന്ത് റെഡ്ഡി സർക്കാർ ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നത് എന്നും ഇത് അനുവദനീയമല്ല എന്നും എബിവിപി വ്യക്തമാക്കി. 400 ഏക്കർ ഭൂമി ലേലം ചെയ്യാനുള്ള ശ്രമങ്ങൾ തടഞ്ഞ് സർവ്വകലാശാലയ്‌ക്ക് വീണ്ടും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് നൽകാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് എബിവിപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
ഹൈദരാബാദ് സർവകലാശാലയുടെ ഭൂമി നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെയും പരിസ്ഥിതിയുടെയും മൂല്യമേറിയ സ്വത്താണ് എന്നും ഈ ഭൂമി സ്വകാര്യ കമ്പനികൾക്ക് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തീറെഴുതി കൊടുക്കാൻ ശ്രമിക്കുന്ന രേവന്ത് റെഡ്ഡി വിദ്യാർത്ഥികളോടും ജീവജാലങ്ങളോടും വലിയ അനീതിയാണ് കാണിക്കുന്നത് എന്നും ഇത് അനുവദനീയമല്ല എന്നും എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു.
വിദ്യാർത്ഥികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന സമീപനമാണ് സർക്കാരിൽ നിന്ന് ഉണ്ടാവുന്നത് എന്നും അദ്ദേഹം ആരോപിച്ചു. രേവന്ത് റെഡ്ഡി സർക്കാർ ലേലം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ ആണ് ഒരുങ്ങുന്നത് എങ്കിൽ എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ എബിവിപി അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല എന്നും സർവ്വകലാശാല ഭൂമി വിദ്യാർത്ഥികളുടെ ഗവേഷണ ആവശ്യങ്ങൾക്കും പഠനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമേ ഉപയോഗിക്കാവൂ എന്നും എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു.
സ്വകാര്യ കമ്പനികൾക്ക് സർവ്വകലാശാല ഭൂമി വിട്ട് നൽകി വലിയ അഴിമതി നടത്താനാണ് രേവന്ത് റെഡ്ഡി സർക്കാർ ശ്രമിക്കുന്നത് എന്നും അവർ ആരോപിച്ചു.സർവ്വകലാശാല ഭൂമി സംരക്ഷിക്കാൻ വിദ്യാർത്ഥികളുടെ കൂടെ എബിവിപി ശക്തമായി നിലകൊള്ളുമെന്നും പ്രതിഷേധ പ്രകടനങ്ങളുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.
എബിവിപി ദേശീയ സെക്രട്ടറിമാരായ ശ്രാവൺ ബി രാജ്, ശിവാംഗി ഖർവാൾ, ഹൈദരാബാദ് സർവകലാശാല യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, ദൽഹി സർവ്വകലാശാല യുണിയൻ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ, ജെ.എൻ.യു സർവ്വകലാശാല യൂണിറ്റ് പ്രസിഡന്റ് രാജേശ്വർ ദൂബെ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.
Discussion about this post