ന്യൂദല്‍ഹി: ഭാരതത്തിലെ തന്നെ ആദ്യത്തെ നീക്കം ചെയ്യാവുന്ന സോളാര്‍ പാനല്‍ സംവിധാനം സ്ഥാപിച്ച് റെയില്‍വേ. സുസ്ഥിര ഊര്‍ജത്തിനും ഹരിത ഊര്‍ജ നവീകരണത്തിനും റെയില്‍വേ നടത്തുന്ന വ്യത്യസ്ത ശ്രമങ്ങളുടെ ഭാഗമായാണ് റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ സ്ഥാപിക്കുന്നതും നീക്കാന്‍ കഴിയുന്നതുമായ സോളാര്‍ പാനല്‍ സംവിധാനം റെയില്‍വേ കമ്മീഷന്‍ ചെയ്തത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്.
ഭാരതത്തില്‍ തന്നെ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ സംവിധാനം വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സില്‍ ആണ് കമ്മീഷന്‍ ചെയ്തത്. പുനരുപയോഗ ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ മാതൃകയാണ് ഇതെന്ന് റെയില്‍വേ വ്യക്തമാക്കി.
നേരത്തെ വെസ്റ്റേണ്‍ റെയില്‍വേ രത്‌ലം ഡിവിഷനു കീഴിലുള്ള നാഗ്ഡ-ഖച്റോഡ് സെക്ഷനില്‍ രാജ്യത്തെ ആദ്യത്തെ 2ണ്മ25 കെവി ഇലക്ട്രിക് ട്രാക്ഷന്‍ സിസ്റ്റം കമ്മീഷന്‍ ചെയ്തിരുന്നു. സ്‌കോട്ട്-കണക്റ്റഡ് 100 എംവിഎ പവര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പെടുന്ന ഈ സംവിധാനം, ഓവര്‍ഹെഡ് ഉപകരണങ്ങള്‍ക്ക് വൈദ്യുത ലോഡ് കാര്യക്ഷമമായി നല്‍കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ്.
സ്‌കോട്ട് ട്രാന്‍സ്‌ഫോര്‍മര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ആദ്യത്തെ സ്റ്റേഷനാണ് നാഗ്ഡ ട്രാക്ഷന്‍ സബ്-സ്റ്റേഷന്‍.
ഭാരതത്തിലെ തന്നെ ആദ്യത്തെ നീക്കം ചെയ്യാവുന്ന സോളാര്‍ പാനല്‍ സംവിധാനം വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സില്‍ കമ്മീഷന്‍ ചെയ്തപ്പോള്‍.
Discussion about this post