ന്യൂദൽഹി : ദൽഹി സർവ്വകലാശാല വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് പുനരാരംഭിച്ച മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ പ്രതിനിധിസംഘം നന്ദി അറിയിച്ചു. ദൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് അഭ്യർത്ഥിക്കുന്നതിനായാണ് എബിവിപി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
ദൽഹി സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മെട്രോ കൺസെഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രധാന നിവേദനവും എബിവിപി പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാളിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രതിനിധി സംഘം വെള്ളിയാഴ്‌ചയാണ് മുഖ്യമന്ത്രിയുമായി നിർണായക കൂടികാഴ്‌ച നടത്തിയത്.
എബിവിപിയുടെ നിരന്തര ഇടപെടലുകൾക്ക് ശേഷമാണ് ദൽഹി മുഖ്യമന്ത്രി യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് പുനരാരംഭിച്ചത്. മുൻപ് 2023-24 കാലഘട്ടത്തിൽ എബിവിപി നേതൃത്വത്തിൽ ഉള്ള യൂണിയൻ യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് പ്രവർത്തനക്ഷമമാക്കിയിരുന്നു.
യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് മേട്രോ കണക്റ്റിവിറ്റി ഇല്ലാത്ത ദൽഹി സർവ്വകലാശാല കോളേജുകളിലേക്ക് എത്തിച്ചേരാൻ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സഹായകരമാകുമെന്ന് എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു. ബസ് സർവ്വീസ് പുനഃസ്ഥാപിച്ച രേഖ ഗുപ്തയ്‌ക്ക് വിദ്യാർത്ഥികളുടെ പേരിലും എബിവിപി യുടെ പേരിലും നന്ദി അറിയിക്കുന്നു എന്നും അവർ വ്യക്തമാക്കി. മെട്രോ കൺസെഷൻ മുഖ്യമന്ത്രി ഉടൻ അനുവദിക്കണമെന്ന് വിശ്വസിക്കുന്നു എന്ന് എബിവിപി ദൽഹി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു.
എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാളിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിൽ ദൽഹി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവരും ഭാഗമായിരുന്നു.
Discussion about this post