ന്യൂദല്‍ഹി: ജനം സൗഹൃദവേദിക്കൊപ്പം ഓണം ആഘോഷിച്ച് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കളവും തിരുവാതിരക്കളിയും പഞ്ചവാദ്യവും സദ്യയുമെല്ലാം ആഘോഷത്തിന്റെ മാറ്റുക്കൂട്ടി. തിരുവാതിരക്കളിക്കാര്‍ക്കൊപ്പം ചുവടുകള്‍വെച്ച മുഖ്യമന്ത്രി രേഖ ഗുപ്ത വടംവലിയിലും പങ്കുചേര്‍ന്നു.
ഓണം കേരളത്തില്‍ മാത്രമല്ല, രാജ്യം മുഴുവനും ലോകം മുഴുവനും ആഘോഷിക്കുകയാണെന്ന് രേഖ ഗുപ്ത അഭിപ്രായപ്പെട്ടു. സംസ്‌കാരങ്ങളുടെയും പാരമ്പര്യത്തിന്റെയും സംഗമകേന്ദ്രമാണ് ദല്‍ഹി. എല്ലാ ഉത്സവങ്ങളെയും ഈ നഗരം ഊഷ്മളതയോടും സന്തോഷത്തോടും കൂടി സ്വീകരിക്കുന്നു. ദല്‍ഹിയെ അവരുടെ വീടായി കാണുന്ന ഏകദേശം 10 ലക്ഷത്തിലധികം മലയാളി സഹോദരീ സഹോദരന്മാരുണ്ട്. അവരെല്ലാം ഒരു കുടുംബമായി നിലകൊള്ളുന്നു. ദല്‍ഹിയുടെ വികസനയാത്രയില്‍ ഒരു കുടുംബമായി പങ്കുചേരാമെന്നും അവര്‍ പറഞ്ഞു.
ഓണം എല്ലാ വീടുകളിലും സന്തോഷവും ഉത്സാഹവും നിറയ്‌ക്കട്ടെ. കേരളത്തിലെ കുടുംബങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ദല്‍ഹി ഒപ്പമുണ്ട്. എല്ലാ മലയാളികള്‍ക്കും ദല്‍ഹി ഓണാശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കോടിയും ആറന്മുളക്കണ്ണാടിയും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
ജനം ടിവി എക്സിക്യുട്ടീവ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജീവന്‍ പറപറമ്പില്‍, എംഡി ചെങ്കല്‍ രാജശേഖരന്‍ നായര്‍, ജനം ടിവി മെന്റര്‍ എ. ജയകുമാര്‍, ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍, ജനം സൗഹൃദവേദി ദല്‍ഹി പ്രസിഡന്റ് എം.ഡി. ജയപ്രകാശ്, സെക്രട്ടറി ജി. ശ്രീദത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post