ഇംഫാല്‍: വികസിത ഭാരതത്തിന് പഞ്ചപരിവര്‍ത്തനം എന്ന വിഷയത്തില്‍ മണിപ്പൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈചാരിക സഭ സംഘടിപ്പിച്ചു. മണിപ്പൂര്‍ സര്‍വകലാശാല കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍, നോര്‍ത്ത് ഈസ്റ്റ്-മണിപ്പൂര്‍ ഇന്റലക്ച്വല്‍ ഫോറം, മണിപ്പൂര്‍ വിശ്വ സംവാദ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
ശക്തവും സുസ്ഥിരവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിന് സാമൂഹികമാറ്റം അനിവാര്യമാണെന്ന് വിഷയം അവതരിപ്പിച്ച ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍കുമാര്‍ മൊഹന്തി പറഞ്ഞു. ലോകത്തിന് ഭാരതീയസമൂഹം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭാവനയാണ് നമ്മുടെ കുടുംബവ്യവസ്ഥ. പാശ്ചാത്യ ഭൗതികവാദ ചിന്തകളുടെ സ്വാധീനത്തില്‍ പരമ്പരാഗത മൂല്യങ്ങള്‍ ക്ഷയിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ജലം സംരക്ഷിക്കുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളും പോളിത്തീനും ഉപേക്ഷിക്കുകയും തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും വഴി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കഴിയും. ജാതി, മതം, ഗോത്രം, ഭാഷ, പ്രാദേശികവാദം എന്നിവയ്ക്ക് അതീതമായി ഉയരാന്‍ ജനങ്ങള്‍ക്ക് കഴിയണം. തനിമയിലൂന്നിയ സ്വദേശി പുനരുജ്ജീവനത്തിന് മുന്‍ഗണന നല്കണം. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അടിസ്ഥാന കടമകള്‍ മൗലിക അവകാശങ്ങള്‍ പോലെ തന്നെ പ്രധാനമാണ്. ഓരോ പൗരനും കടമ നിറവേറ്റുകയാണെങ്കില്‍, അവകാശങ്ങള്‍ സ്വയമേവ സംരക്ഷിക്കപ്പെടും, അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. നവോറം ലോകേന്ദ്ര സിങ് അദ്ധ്യക്ഷത വഹിച്ചു. മണിപ്പൂര്‍ സര്‍വകലാശാല, ഡിഎം സര്‍വകലാശാല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്സസ് ആന്‍ഡ് സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് (ഐബിഎസ്ഡി), ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

Discussion about this post