ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി സി പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന് രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.
ചൊവ്വാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, സി പി രാധാകൃഷ്ണൻ, എതിർ സ്ഥാനാർത്ഥിയായ ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിക്കെതിരെ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
പാർലമെൻ്റിന്റെ ഇരുസഭകളിലെയും എം പിമാർ ഉൾപ്പെടുന്ന ഇലക്ട്രൽ കോളേജ് ചേർന്ന് വോട്ടെടുപ്പിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആർഎസ്, ബിജെഡി, അകാലി ദൾ എന്നീ പാർട്ടികളുടെ പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
40 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകനാണ് സി പി രാധാകൃഷ്ണൻ. ഝാർഖണ്ഡ് ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ എംപിയായും ബിജെപി തമിഴ്നാട് യൂണിറ്റ് തലവനായും പ്രവർത്തിച്ചിരുന്നു. 16-ാം വയസുമുതൽ ബിജെപിക്കും ആർഎസ്എസിനും വേണ്ടി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെയാണ് ഝാർഖണ്ഡ് ഗവർണറായിരുന്നത്. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചിട്ടുണ്ട്.
തമിഴ്നാട് ബിജെപി അദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2004-നും 2007-നും ഇടയിൽ ബിജെപി അദ്ധ്യക്ഷനായിരിക്കെ അദ്ദേഹം 93 ദിവസം നീണ്ടുനിന്ന ‘രഥയാത്ര’ നടത്തി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സി പി രാധാകൃഷ്ണന്റെ രഥയാത്ര.
Discussion about this post