ന്യൂദൽഹി: ഭാരതത്തിന്റെ പതിനഞ്ചാമത് ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, മറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ പങ്കെടുത്തു.
മഹാരാഷ്‌ട്ര ഗവര്‍ണറായി സേവനമനുഷ്ഠിക്കവേയാണ് സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കെത്തുന്നത്. ലളിതവും സംശുദ്ധവുമായ രാഷ്‌ട്രീയ ജീവിതത്തിന് ഉടമയാണ് സി.പി. രാധാകൃഷ്ണന്‍. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സി.പി.രാധാകൃഷ്ണൻ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി ബി.സുദർശൻ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരിൽ 767 പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതിൽ 15 വോട്ടുകൾ അസാധുവായി.
എൻഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആർസിപിയിലെ 11 എംപിമാരും രാധാകൃഷ്ണനെ പിന്തുണച്ചു. ഇതുകൂടാതെ പ്രതിപക്ഷത്തുനിന്ന് ചോർന്ന 14 വോട്ടും രാധാകൃഷ്ണന് അധികമായി ലഭിച്ചു. ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി.പി. രാധാകൃഷ്ണന്‍ 1957 മെയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. അച്ഛന്‍ സി.കെ. പൊന്നുസ്വാമി. അമ്മ: ജാനകി. സ്‌കൂള്‍ പഠനത്തിനുശേഷം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന നിര്‍വാഹകസമിതി അംഗമായി. ബിജെപി രൂപീകരണത്തിനുശേഷം പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിച്ചു. 1996ല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായി.
കോയമ്പത്തൂരില്‍ നിന്ന് 1998ല്‍ ആദ്യമായി ലോക്സഭാംഗമായി. എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ലോക്സഭയിലെത്തിയ ആദ്യ മൂന്നുപേരില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. 1999ല്‍ അദ്ദേഹം വീണ്ടും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എംപിയായിരിക്കെ ടെക്സ്റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായി. 1998 മുതല്‍ 2004 വരെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പാര്‍ലമെന്റിന്റെ പ്രത്യേക കമ്മിറ്റിയിലും അംഗമായിരുന്നു. 2004ല്‍ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു. തായ് വാനിലേക്കുള്ള ആദ്യ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
Discussion about this post