ഛത്രപതി സംഭാജി നഗർ: മുതിർന്ന ആർഎസ്എസ് പ്രചാരകനും മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായ മാധവ വിനായക കുൽക്കർണി (മധുഭായ് കുൽക്കർണി) അന്തരിച്ചു. 88 വയസായിരുന്നു. സംഭാജി നഗറിലെ ഡോ. ഹെഡ്‌ഗേവാർ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം മൃതദേഹം രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കൈമാറി.
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച മധുഭായ് കുൽക്കർണി സ്‌കൂൾ പഠനകാലത്താണ് ചിക്കോടിയിലെ ആർഎസ്എസ് ശാഖയിലൂടെ പ്രവർത്തനം ആരംഭിച്ചത്. 1948ലും അടിയന്തരാവസ്ഥക്കാലത്തും ഒട്ടേറെ പീഡനങ്ങൾ അദ്ദേഹം നേരിട്ടു. കൊഡോളിയിലെ അദ്ദേഹത്തിന്റെ വീട് അക്രമികൾ തീവച്ച് നശിപ്പിച്ചു. മുംബൈ രൂപാറേൽ കോളജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം കുറച്ചുകാലം മുംബൈ സെയിൽ ടാക്‌സ് ഓഫീസിൽ ജോലി ചെയ്തു. പിന്നീട് സോലാപ്പൂർ ദയാനന്ദ് എഡ്യുക്കേഷണൽ കോളജിൽ നിന്ന് ബിഎഡ് എടുത്തു.
1962ൽ ജൽഗാവ് ജില്ലയിലെ രാവേർ യാവൽ താലൂക്കിലൂടെ പ്രചാരക ജീവിതത്തിന് തുടക്കം. 1963 മുതൽ 1970 വരെ ഛത്രപതി സംഭാജി നഗർ ജില്ലാ പ്രചാരക്, 1970 മുതൽ 80 വരെ സോലാപ്പൂർ വിഭാഗ് പ്രചാരക്, 84 വരെ പൂനെ മഹാനഗർ പ്രചാരക്, 96 വരെ ഗുജറാത്ത് പ്രാന്ത പ്രചാരക്, 2003 വരെ പശ്ചിമക്ഷേത്ര പ്രചാരക് എന്നീ ചുതലകൾ വഹിച്ചു. തുടർന്ന് 2009 വരെ ഹൈദരാബാദ് കേന്ദ്രമാക്കി അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതല വഹിച്ചു.
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Discussion about this post