നാഗ്പൂർ: സംഘപ്രാർത്ഥനയ്ക്ക് പിന്നാലെ നവീന ആലാപനരീതികൊണ്ട് ഗണഗീതങ്ങൾക്ക് ചാരുത പകർന്ന് ശങ്കർ മഹാദേവൻ. രേശിംബാഗിലെ കവിവർ സുരേഷ് ഭട്ട് ഓഡിറ്റോറിയത്തിൽ സംഘഗീത സംഗ്രഹം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രകാശനം ചെയ്തു. ഈണത്തിലും താളത്തിലും വിട്ടുവീഴ്ചകൾ ഉണ്ടാകാമെങ്കിലും അന്തർലീനമായ ദേശസ്‌നേഹമാണ് ഗണഗീതങ്ങളെ ആകർഷകമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പാട്ടും സ്വയംസേവകനെ രാഷ്ട്രത്തിന് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. എണ്ണമറ്റ ഭാരതീയരുടെ ഹൃദയങ്ങളിൽ രാഷ്ട്രമന്ത്രമുറപ്പിക്കുകയാണ് ഈ ഗീതങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഭാരതീയ ഭാഷകളിലുമായി ഏകദേശം മുപ്പതിനായിരം പാട്ടുകൾ ഗണഗീതമായുണ്ടെന്ന് സർസംഘചാലക് പറഞ്ഞു. ശങ്കർ മഹാദേവന്റെ തനത് ശൈലിയിലുള്ള ആലാപനം ഒരു സ്വയംസേവകൻ പാടുന്നതുപോലെ മധുരമാണ്. അദ്ദേഹത്തിന്റെ ശബ്ദം ഈ പാട്ടുകളെ കൂടുതൽ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി രചിച്ച നിർമാണോം കേ പാവന യുദ് മേം ഹം ചരിത്രനിർമാണ് ന ഫൂലേം, ശ്രീധർ ഭാസ്‌കർ രചിച്ച മനസാ സതതം സ്മരണീയം എന്ന ഗീതങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.
സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹ് ഡോ. കൃഷ്ണ ഗോപാൽ, അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി എന്നിവരുടെ സന്ദേശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ തുടങ്ങിയവർ പങ്കെടുത്തു.



Discussion about this post