നാഗ്പൂര്‍: നമ്മുടേതായ ദര്‍ശനങ്ങളിലൂടെ മാത്രമേ നവഭാരതം സാധ്യമാകൂ എന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍. ആത്മവിസ്മൃതി, അപകര്‍ഷതാബോധം, പരാനുകരണം എന്നിവയെ മറികടന്ന് ആത്മവിശ്വാസവും സ്വരാഷ്ട്രാഭിമാനവും സംഘടനാബോധവുമുള്ള ഒരു സമാജത്തെ കെട്ടിപ്പടുക്കുന്നതിലൂടെയാണ് രാഷ്ട്രത്തിന്റെ പുനരുജ്ജീവനമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂര്‍ സിംബയോസിസ് ഇന്റര്‍നാഷണല്‍ ഡീംഡ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ‘ഉത്തിഷ്ഠ ഭാരത്’ എന്ന പേരില്‍ സംഘടിപ്പിച്ച ഉന്നതാദ്ധ്യാപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍കുമാര്‍.
ആത്മവിസ്മൃതിയില്‍ നിന്ന് സമൂഹത്തെ തട്ടിയുണര്‍ത്തി സ്വാഭിമാനത്തോടെ സംഘടിക്കാന്‍ പ്രേരിപ്പിക്കുകയാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ചെയ്തതെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു. രാജ്യം അടിമത്തത്തിലായതിന്റെ കുറ്റം വിദേശികള്‍ക്കല്ല നമുക്കുതന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് സമാജം സംഘടിതമായേ മതിയാകൂ എന്ന ഉറച്ച തീരുമാനമാണ് ആര്‍എസ്എസ് രൂപീകരിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ഭാരതീയര്‍ സ്വഭാവഗുണമുള്ളവരാണ്. എന്നാല്‍ ദേശീയത എന്ന സ്വഭാവഗുണം കൂടുതലായി സൃഷ്ടിക്കേണ്ടതുണ്ട്. നിഷ്‌കളങ്കവും സമര്‍പ്പിതവുമായ ദേശസ്നേഹം വളര്‍ത്തുന്നതിലൂടെ ഈ ദേശീയമനോഭാവം സൃഷ്ടിക്കാനാവും. വിദ്വേഷം, അസൂയ, അഹങ്കാരം എന്നിവ ഇല്ലാതാക്കി അച്ചടക്കത്തോടെ ഒത്തുചേരാന്‍ തയാറുള്ള വ്യക്തികളെ നിര്‍മിക്കുന്നതിനാണ് ദൈനംദിന ശാഖാപദ്ധതിക്ക് രൂപം നല്കിയത്. അവിടെ സ്വയംസേവകര്‍ ഒരേ ഹൃദയം, ഒരേ മനസ്, ഒരേ ലക്ഷ്യം എന്ന ബോധത്തില്‍ ഒന്നായിചേരുന്നു. അനുകരണത്തില്‍ നിന്ന് മോചിപ്പിച്ച് തനിമയിലുണരുന്ന സമാജത്തെ സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയാണ് ഈ വ്യക്തിനിര്‍മാണ പ്രക്രിയ, അരുണ്‍കുമാര്‍ പറഞ്ഞു.
സ്വരാജ്യം, സ്വധര്‍മ്മം, സ്വാശ്രയം എന്നീ സ്വ ത്രയികളാണ് സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ പൂര്‍വികര്‍ മുന്നോട്ടുവച്ചത്. നമ്മള്‍ സ്വതന്ത്രരായി, പക്ഷേ സ്വ(തനിമ)യുടെ ആവിഷ്‌കാരം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വ വ്യക്തിയുടെ ജീവിതത്തിന്റെ താക്കോലായി മാറണം. സമൂഹത്തില്‍ മാറ്റത്തിനായുള്ള ആഗ്രഹം ഉയര്‍ന്നുവരണം. അതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം. വിത്തില്‍ നിന്ന് മരത്തിലേക്കുള്ള യാത്രയാണ് മാറ്റം. വിത്തില്‍ നിന്ന് മരത്തിലേക്കും പുഷ്പത്തിലേക്കും ഫലത്തിലേക്കും പിന്നീട് വിത്തിലേക്കും തിരികെ മാറുന്നത് ഒരു ചാക്രിക പ്രക്രിയയാണ്. ഇത് പ്രസംഗങ്ങളിലൂടെയോ അധികാരത്തിലൂടെയോ ഉണ്ടാകില്ല. അധികാരം തീര്‍ച്ചയായും മാറ്റത്തിന് അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ കൊണ്ടുവന്നേക്കാം. സാഹചര്യങ്ങളെന്തായാലും മാറ്റങ്ങള്‍ വരുത്തണം, അരുണ്‍കുമാര്‍ പറഞ്ഞു.
രാഷ്ട്രപുനരുത്ഥാനത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം. ആത്മീയ അടിത്തറയില്‍ മാത്രമേ സമൃദ്ധവും സന്തുഷ്ടവുമായ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. ഈ ആത്മീയത നമ്മുടെ പ്രവൃത്തിയില്‍ പ്രകടമാകണം. ആത്മസംതൃപ്തിയാകണം പ്രവൃത്തിക്ക് പ്രചോദനം. ചെയ്യുന്ന ജോലിയില്‍ സമ്പൂര്‍ണമായി മുഴുകണം. അക്ഷരപരിശീലനം ചെയ്യുന്നവര്‍ അക്ഷരബ്രഹ്‌മംതന്നെ നേടണം. നാദസാധന ചെയ്യുന്നവര്‍ നാദബ്രഹ്‌മത്തെ പ്രാപിക്കണം. ചെയ്യുന്ന ജോലിയും അത്രയേറെ ഭക്തിയും സമര്‍പ്പണവും ഉണ്ടായിരിക്കണം, സഹസര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.














Discussion about this post