ലഖ്‌നൗ: സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ക്ലാസുകള്‍ക്ക് മുമ്പ് ദേശീയഗാനാലാപനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍റെ പ്രഖ്യാപനം. പുതിയ അധ്യയനവര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രണ്ടാമതും അധികാരമേല്‍ക്കുന്നതിന് ഒരു ദിവസം മുമ്പാണ് മദ്രസ ബോര്‍ഡിന്റെ ഉത്തരവ്. 2017 മുതല്‍ സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗാനം ചൊല്ലലും ത്രിവര്‍ണ പതാക ഉയര്‍ത്തലും മദ്രസ ബോര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
മദ്രസകളിലെ അധ്യാപക നിയമനത്തിനായി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (ടിഇടി) മാതൃകയില്‍ മദ്രസ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എംടിഇടി) നടത്താനും ബോര്‍ഡ് തീരുമാനിച്ചു. വ്യാഴാഴ്ച ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഇഫ്തിഖര്‍ അഹമ്മദ് ജാവേദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
‘വിവിധ സ്‌കൂളുകളില്‍ ദേശീയ ഗാനം ആലപിക്കുന്നുണ്ട്, മദ്രസ വിദ്യാര്‍ത്ഥികളിലും ദേശസ്നേഹം വളര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, മതപഠനത്തിന് പുറമെ ചരിത്രവും സംസ്‌കാരവും വിദ്യാര്‍ത്ഥികള്‍ അറിയണം. ചില മദ്രസകളില്‍ ഇതിനകംതന്നെ ദേശീയ ഗാനാലാപനം നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇത് നിര്‍ബന്ധമാക്കിയെന്ന് മാത്രം’ ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍, സീനിയര്‍ സെക്കന്‍ഡറി തലം വരെയുള്ള മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. ബിരുദം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങളിലെല്ലാം പരീക്ഷ എഴുതണം.
മദ്രസ മാനേജ്മെന്റിന് കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനും സ്ഥിരീകരണത്തിനുമായി അഡ്മിഷന് ആധാര്‍ നമ്പറുകള്‍ ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കാനും തീരുമാനമെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ച അയ്യായിരത്തോളം മദ്രസകള്‍ ഒന്നാം യോഗിസര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. 2009-10ല്‍ മായാവതി മുഖ്യമന്ത്രിയായിരിക്കെ പരിശോധനകള്‍ കൂടാതെ യഥേഷ്ടം മദ്രസകള്‍ ആരംഭിക്കാന്‍ അനുവാദം നല്കിയിരുന്നു.
Discussion about this post