മംഗളൂരു: മസ്ജിദ് നവീകരിക്കുന്നതിനായി പൊളിച്ചപ്പോള്‍ കണ്ടെടുത്തത് ക്ഷേത്രാവശിഷ്ടങ്ങള്‍. മംഗലാപുരത്തിനടുത്താണ് പഴയ മുസ്ലീം പള്ളിയുടെ അടിയിലാണ് ക്ഷേത്രത്തിന്‍റെ ഗര്‍ഭഗൃഹത്തിന് സമാനമായ നിര്‍മ്മിതി കണ്ടെത്തിയത്. മംഗളൂരു പ്രാന്തപ്രദേശത്തുള്ള മലാലി ജുമാ മസ്ജിദിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. മസ്ജിദ് അധികൃതരുടെ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍.
രേഖകള്‍ പരിശോധിക്കുന്നത് വരെ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കെട്ടിടത്തിന്‍റെ തത്സ്ഥിതി തുടരാന്‍ ദക്ഷിണ കന്നഡ കമ്മീഷണറേറ്റ് ഉത്തരവിട്ടു.
ഈ പ്രശ്‌നത്തെക്കുറിച്ച് ഫീല്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്നും പോലീസ് വകുപ്പില്‍ നിന്നും വിവരം ലഭിച്ചിട്ടണ്ടെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്ര കെ.വി. പറഞ്ഞു. പഴയ ഭൂരേഖകളും ഉടമസ്ഥാവകാശം സംബന്ധിച്ച വിശദാംശങ്ങളും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. എന്‍ഡോവ്മെന്റ് വകുപ്പില്‍ നിന്നും വഖഫ് ബോര്‍ഡില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അവകാശവാദങ്ങളുടെ സാധുത പരിശോധിച്ച് ഉചിതമായ തീരുമാനം ഉടന്‍ എടുക്കും. അതുവരെ, തത്സ്ഥിതി നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ക്രമസമാധാനവും സമാധാനവും നിലനിര്‍ത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതായും രാജേന്ദ്ര അറിയിച്ചു.
Discussion about this post