ന്യൂദല്‍ഹി: ശിവസേനാ ഗുണ്ടാസംഘത്തിന്റെ കൈയേറ്റത്തിനിരയായ ബിജെപി എംപി കിരിത് സോമയ്യ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി.
എംഎല്‍എമാരടങ്ങുന്ന അഞ്ചംഗപ്രതിനിധിസംഘം നേരത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയെ കണ്ട് മഹാരാഷ്ട്രയില്‍ നടന്ന സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏപ്രില്‍ 23 ന് ഖാര്‍ പോലീസ് സ്റ്റേഷന്‍ വളപ്പിന്റെ ഗേറ്റില്‍ വച്ചാണ് എണ്‍പതോളം വരുന്ന ശിവസേനാ സംഘം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സോമയ്യയെ ആക്രമിച്ചത്. പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കല്ലുകളും കുപ്പികളും ചപ്പലുകളും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിനിടെ കാറിന്റെ ചില്ല് തകരുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
പോലീസ് ഗുണ്ടകളെ സഹായിച്ചതായും സിഐഎസ്എഫ് കമാന്‍ഡോകള്‍ക്ക് മര്‍ദനമേറ്റതായും സോമയ്യ ആരോപിച്ചു. സംഭവം ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അന്വേഷിക്കണമെന്നും മുംബൈ പോലീസില്‍ മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിഐഎസ്എഫിനോട് ആവശ്യപ്പെടണമെന്നും സോമയ്യ ആവശ്യപ്പെട്ടു.
തനിക്കെതിരായ മൂന്നാമത്തെ ആക്രമണമാണിതെന്നും ഖാര്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സോമയ്യ പറഞ്ഞു.
ബിജെപി പ്രതിനിധി സംഘത്തില്‍ എംഎല്‍എമാരായ മിഹിര്‍ കൊടേച്ച, അമിത് സതം, പരാഗ് ഷാ, രാഹുല്‍ നര്‍വേക്കര്‍, വിനോദ് മിശ്ര എന്നിവരും ഉള്‍പ്പെടുന്നു. ദല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലയുമായി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post