ഗാന്ധിനഗര്‍ (ഗുജറാത്ത്): കാണ്ട്‌ല തുറമുഖത്തുനിന്ന് 1439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോ ഹെറോയിന്‍ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും(ഡിആര്‍ഐ) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഹെറോയിന്‍ പിടികൂടിയത്.
ഉത്തരാഖണ്ഡിലെ ഒരു സ്ഥാപനത്തിന് വേണ്ടി ഇറാനിലെ ബാന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് എത്തിയ കണ്ടെയ്‌നറുകള്‍ പരിശോധിക്കുമ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 17 കണ്ടെയ്‌നറുകളിലായി 394 മെട്രിക് ടണ്‍ ഭാരമുള്ള 10,318 ബാഗുകള്‍ ആണ് തുറമുഖത്തെത്തിയത്. ബാഗുകളില്‍ ജിപ്‌സം പൗഡറാണെന്നാണ് രേഖകള്‍. ഇറക്കുമതി ചെയ്ത ആളെ പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ ഞായറാഴ്ച അമൃത്സര്‍ സ്പെഷ്യല്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്‌തെന്ന് പറയുന്ന സ്ഥാപനത്തെയോ ഉടമയെയോ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കായി നടത്തിയ വ്യാപകമായ തെരച്ചിലിലാണ് പഞ്ചാബില്‍ നിന്ന് പിടിയിലായതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post