ന്യൂദല്‍ഹി: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം അവസാനിപ്പിച്ചതിന് പിന്നാലെ തെരുവുകളിലെ മതാഘോഷങ്ങള്‍ക്കെതിരെ യുപി സര്‍ക്കാര്‍. റോഡുകളില്‍ മതാഘോഷങ്ങളും മതചടങ്ങുകളും നടത്തുന്നതിന് അനുമതി നല്‍കേണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എല്ലാ മതചടങ്ങുകളും ആരാധനാലയത്തിന് അകത്ത് മാത്രമായി ചുരുക്കേണ്ടതാണെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പുറത്ത് ആഘോഷങ്ങളും മറ്റും നടത്തുന്നതിന് അനുമതി നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. നേരത്തെ ആരാധനാലയങ്ങള്‍ക്കകത്ത് കേള്‍ക്കും വിധം മൈക്കുകള്‍ ക്രമീകരിക്കണമെന്നും ഉച്ചഭാഷണികള്‍ എടുത്തുമാറ്റണമെന്നും യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ നാല്‍പ്പതിനായിരത്തോളം ആരാധനാലയങ്ങള്‍ ഈ ഉത്തരവ് നടപ്പാക്കിക്കഴിഞ്ഞു.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഝാന്‍സിയിലെത്തിയ മുഖ്യമന്ത്രി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ലളിത്പൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മാഫിയാരാജ് അനുവദിക്കില്ലെന്നും ക്രമാസമാധാന നില പരിപാലനം കൃത്യമായി നിര്‍വഹിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ പത്തു മുതല്‍ 11 വരെ ജനങ്ങളെ കേള്‍ക്കല്‍ എന്ന പരിപാടി സംഘടിപ്പിക്കണം. പരാതിക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Discussion about this post