അനന്ത്നാഗ് (ജമ്മുകശ്മീര്‍): കാവി പതാകകള്‍ ഉയര്‍ന്നു. വേദമന്ത്രങ്ങള്‍ മുഴങ്ങി. പുരാതനമായ മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രത്തില്‍ വീണ്ടും ഭക്തരെത്തി. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ചരിത്ര സന്ദര്‍ശനത്തോടെയാണ് എട്ടാംനൂറ്റാണ്ടിലെ ഭവ്യക്ഷേത്രം വീണ്ടും രാജ്യത്തിന്‍റെ ശ്രദ്ധയിലേക്കെത്തുന്നത്. മഹാരാജാ ലളിതാദിത്യ മുക്താപീഠ് സ്ഥാപിച്ച പുരാതനക്ഷേത്രം അറുന്നൂറ് വര്‍ഷം മുമ്പാണ് വിദേശ അക്രമികള്‍ തകര്‍ത്തെറിഞ്ഞത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യക്ഷേത്രത്തില്‍ നടന്ന നവഗ്രഹ അഷ്ടമംഗലം പൂജയില്‍ പങ്കെടുത്താണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മടങ്ങിയത്. സംന്യാസിമാര്‍, കശ്മീരി പണ്ഡിറ്റുള്‍, പ്രദേശവാസികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൂജ. ഇതൊരു യഥാര്‍ത്ഥ ദിവ്യാനുഭവമാണെന്ന് മനോജ് സിന്‍ഹ പറഞ്ഞു. മെയ് ആറിനാണ് വീണ്ടും ക്ഷേത്രത്തില്‍ പൂജകളാരംഭിച്ചത്. ആദിശങ്കരന്‍ സര്‍വജ്ഞപീഠമേറിയ ശാരദാപീഠത്തിലേക്കുള്ള യാത്രയിലെ പ്രധാനകേന്ദ്രമെന്ന നിലയില്‍ മാര്‍ത്താണ്ഡക്ഷേത്രത്തിന്‍റെ പുനരുത്ഥാനവും ശ്രീശാരദാപീഠ് ഇടനാഴിയുടെ നിര്‍മ്മാണവും കശ്മീരി പണ്ഡിറ്റുകളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്.
എട്ടാം നൂറ്റാണ്ടിലെ മാര്‍ത്താണ്ഡ ക്ഷേത്രം ഇന്ത്യയിലെ സൂര്യക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്. സാംസ്‌കാരികവും ആത്മീയവുമായി പ്രാധാന്യമുള്ള പുരാതന സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.
‘ജമ്മു കശ്മീര്‍ എന്ന സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരികസാന്നിധ്യങ്ങളുടെ കലവറയാണ്, ഇത് രാജ്യത്തെ അറിവിന്‍റെ ഇരിപ്പിടമാണ്. കശ്മീരിന്റെ ചരിത്ര, ആത്മീയ കേന്ദ്രങ്ങളെ വീണ്ടും സജീവമാക്കുകയും ഈ മനോഹര ഭൂമിയെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജസ്വലമായ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അവലോകനം ചെയ്തു. മുന്‍ നിയമസഭാംഗം സുരീന്ദര്‍ അംബര്‍ദാര്‍, രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രമുഖ സംന്യാസിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ പാണ്ഡുരംഗ് കെ. പോള്‍, കശ്മീര്‍ ഐജി പി.വിജയ് കുമാര്‍, അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. പിയൂഷ് സിംഗ്ല, പോലീസ്, ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Discussion about this post