നാഗ്പൂര്‍: കടന്നുവന്ന അക്രമകാരികളല്ല, ഋഷിമാരാണ് ഭാരതീയന്റെ പൂര്‍വികരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അവര്‍ വിശ്വമംഗളമാണ് ആഗ്രഹിച്ചത്. ഭാരതത്തിന്റെ സ്വത്വം അതാണ്. നമ്മുടെ സ്വതന്ത്രത ഈ സ്വത്വത്തിന്റെ ആധാരത്തില്‍ സ്വന്തം തന്ത്രം നിര്‍മ്മിച്ച് ലോകത്തിന് പുതിയ മന്ത്രം നല്കാനായിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കാശിയിലെ ജ്ഞാനവാപി ഭാരതത്തിന് സവിശേഷ പ്രാധാന്യമുള്ള വിഷയമാണ്. അത് ചരിത്രമാണ്. ഇന്ന് ഹിന്ദുക്കളായി കഴിയുന്നവരോ മുസ്ലീങ്ങളായി കഴിയുന്നവരോ അല്ലല്ലോ അത് ഉണ്ടാക്കിയത്. ജ്ഞാനവാപിയെപ്പറ്റി പണ്ടുമുതലെ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേശിംഭാഗില്‍ നടന്ന ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാന്‍വാപി പോലെയുള്ള കേന്ദ്രങ്ങളെപ്പറ്റി സംസാരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ദിവസവും ഓരോ വിഷയങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. എല്ലാ മസ്ജിദിലും എന്തിനാണ് ശിവലിംഗം നോക്കുന്നത്. മസ്ജിദും ഒരു ആരാധനയാണ്. ആ മതം പുറത്തുനിന്ന് വന്നതാവാം. എന്നാല്‍ അതു പിന്തുടരുന്നവര്‍ പുറത്തുനിന്ന് വന്നവരല്ല. അവര്‍ ആ ആരാധനാരീതി തുടരുന്നതില്‍ വിരോധമുണ്ടാവേണ്ടതില്ല. അതിനെ ബഹുമാനിക്കുകയും പവിത്രത കല്‍പ്പിക്കുകയും വേണം. ഇന്നത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികരും ഹിന്ദുക്കളായിരുന്നു. ചിരകാലം ആ ഹിന്ദുക്കളെ സ്വാതന്ത്ര്യത്തില്‍ നിന്ന് അകറ്റി വഞ്ചിച്ചുനിര്‍ത്താനും അവരുടെ മനോധൈര്യത്തെ തകര്‍ക്കാനുമാണ് അന്ന് ആക്രമണകാരികള്‍ അതെല്ലാം ചെയ്തത്.
രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ചില ചരിത്രപരമായ കാരണത്താലാണ് പതിവുരീതികള്‍ക്ക് വിരുദ്ധമായി അതില്‍ ഭാഗഭാക്കായത്. ആ ദൗത്യം പൂര്‍ത്തിയായി. ഇനി സമരത്തിന്റെ പ്രശ്നമില്ല. എന്നാല്‍ മനസ്സിലുയരുന്ന വിഷയങ്ങള്‍ ചോദ്യമായി ഉയരുക തന്നെ ചെയ്യും. ഇതൊന്നും ആര്‍ക്കും എതിരാണെന്ന് കരുതേണ്ടതില്ല. അത്തരം വിഷയങ്ങളില്‍ പരസ്പരം ഇരുന്ന് സംസാരിച്ച് പുതിയ വഴി തുറക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ കോടതികളില്‍ പോകേണ്ടിവരും. അപ്പോള്‍ കോടതി പറയുന്നത്, അംഗീകരിക്കണം. ഭരണഘടനയേയും നിയമസംവിധാനങ്ങളെയും പവിത്രമായി കരുതി അനുസരിക്കണം. കോടതിയുടെ തീരുമാനങ്ങളില്‍ പരാതി ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളിലും ദേശീയബോധമുള്ള മുസ്ലീങ്ങള്‍ ഭാഗഭാക്കായിരുന്നു. അവരാണ് ഇന്നാട്ടിലെ മുസ്ലീങ്ങള്‍ക്ക് മാതൃക. പാക്കിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ ചിലര്‍ പോയി. മറ്റ് ചിലര്‍ പോയില്ലല്ലോ. ആരാധനാരീതി വേറെയാണെങ്കിലും ഭാരതത്തെ വിട്ടുപോകാന്‍ തയ്യാറല്ല എന്നല്ലേ അതിനര്‍ത്ഥം. സമ്പൂര്‍ണ്ണ സമാജവും തിരിച്ചറിയേണ്ടത് നമ്മുടെയെല്ലാം പൂര്‍വ്വികര്‍ ഒരേ രക്തമായിരുന്നുവെന്നതാണ്. അവര്‍ മടങ്ങിവരാന്‍ തയ്യാറാണെങ്കില്‍ അവരെ സ്വീകരിക്കേണ്ടതുണ്ട്. ഇനി അവര്‍ അതിന് തയ്യാറല്ലെങ്കിലും സാരമില്ല. നമുക്ക് മുപ്പത്തിമുക്കോടി ദേവതകളുണ്ട്. ആ ദേവതകളുടെ എണ്ണം വീണ്ടും കൂടും. അത്രമാത്രം. ഭാരതത്തെ പരമവൈഭവത്തിലേക്ക്, വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ത്തുക എന്നത് കാലത്തിന്റെ ആവശ്യമാണ്. എന്നാല്‍ അതിനാദ്യം മുഴുവന്‍ ജനങ്ങളും ഭാരതമെന്ന ഒറ്റ വികാരത്തില്‍ ഒന്നായിത്തീരണമെന്ന് അദ്ദേഹം പറഞ്ഞു.
ലോകപ്രശസ്ത ധ്യാനാചാര്യന്‍ ദാജി കമലേഷ് പട്ടേല്‍ മുഖ്യാതിഥിയായി. ആര്‍എസ്എസ് വിദര്‍ഭ പ്രാന്തസംഘചാലക് രാംജി ഹര്‍കരെ, വര്‍ഗ് സര്‍വാധികാരി അശോക് പാണ്‌ഡെ. നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും സംബന്ധിച്ചു.
Discussion about this post