ലഖ്‌നൗ: വാരാണസി സങ്കട മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനിലും ബോംബു സ്‌ഫോടനങ്ങള്‍ നടത്തി 28 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ഹൂജി ഭീകരന്‍ വാലിയുള്ള ഖാന്( 55) വധശിക്ഷയും ജീവപര്യന്തവും. ഇതിനു പുറമേ 2.65 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഗാസിയാബാദ് ജില്ല സെഷന്‍സ് കോടതി ജഡ്ജി ജിതേന്ദ്രകുമാര്‍ സിന്‍ഹ, ഇയാള്‍ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കണ്ടെത്തിയിരുന്നു.
2006 മാര്‍ച്ച് ഏഴിനാണ് ഇരട്ട സ്‌ഫോടനങ്ങള്‍ രാജ്യത്തെ നടുക്കിയത്. 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുഖ്യപ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. വൈകിട്ട് 6.15ന് സങ്കട മോചന ക്ഷേത്രത്തിലായിരുന്നു ആദ്യ സ്‌ഫോടനം. 15 മിനിറ്റിനു ശേഷം വാരാണസി കണ്ടോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനിലെ ഫസ്റ്റ് ക്‌ളാസ് വെയിറ്റിങ്ങ് റൂമിലാണ് രണ്ടാമത്തെ ബോംബ് പൊട്ടിയത്. രണ്ടിലുമായി 28 പേര്‍ മരണമടഞ്ഞു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
ഗോദൂളിയയില്‍ മൂന്നാമതൊരു ബോംബ് വച്ചിരുന്നുവെങ്കിലും പൊട്ടിയില്ല. അന്നുതന്നെ ഗംഗാഘാട്ടിനടുത്ത്, ദശമ വേധ് റെയില്‍വേ ക്രോസിങ്ങില്‍ വച്ച പ്രഷര്‍ കുക്കര്‍ ബോംബ് അടക്കം ഏഴു ബോംബുകള്‍ പോലീസ് കണ്ടെത്തി നിര്‍വീര്യമാക്കിയതിനാല്‍ വന്‍ ദുരന്തം ഉണ്ടായില്ല.
മറ്റൊരു ബോംബ് സ്‌ഫോടനക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചയാളാണ് വാലിയുള്ള ഖാന്‍. വാരാണസി കോടതിയിലെ അഭിഭാഷകന്‍ ഇയാളുള്‍പ്പെട്ട കേസില്‍ ഹാജാകാന്‍ പോലും തയ്യാറായില്ല. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാക്കോടതിക്ക് കൈമാറിയത്. മൂന്നു കേസുകളിലായി 121 സാക്ഷികളെ വിസ്തരിച്ചു.
ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ ഇയാള്‍ ബംഗ്ലാദേശ് കേന്ദ്രമായ ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ഇസ്ലാമി എന്ന ഭീകര സംഘടനയിലുള്‍പ്പെട്ട കൊടുംഭീകരനാണ്. ജെയ്‌ഷെ മുഹമ്മദ്, സിമി എന്നിവയുടെ സഹായത്തോടെയാണ് ഹൂജി വാരാണസിയില്‍ സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
Discussion about this post