ചെൈന്ന: തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം. കാഞ്ചീപുരം ജില്ലയിലെ സിംഗുവാർച്ചത്തിരത്തിന് സമീപം കണ്ടിവാക്കത്ത് രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. തുലാസപുരം കർപ്പഗ വിനായക ക്ഷേത്രമാക്രമിച്ച സംഘം മുരുകൻ, ദക്ഷിണാമൂർത്തി, പാർവതി, ദുർഗ്ഗ, നാഗത്തമ്മൻ, നവഗ്രഹ വിഗ്രഹങ്ങൾ, ത്രിശൂലങ്ങൾ എന്നിവ നശിപ്പിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ എറിയുകയായിരുന്നു. അടുത്തുള്ള ലക്ഷ്മി അമ്മൻ ക്ഷേത്രത്തിലും ആക്രമണം നടന്നു. രണ്ട് ക്ഷേത്രങ്ങളിലുമായി 22 വിഗ്രഹങ്ങളാണ് തകർത്തത്. സംഭവമറിഞ്ഞ് അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ റോഡ് ഉപരോധിച്ചു. കനത്ത മഴയെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നത് അക്രമിസംഘത്തിന് തുണയായി.
തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നതിൽ ഹിന്ദുസംഘടനകൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. പ്രസിദ്ധമായ ശിരുവച്ചൂർ മധുര കാളിയമ്മൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ പേരാമ്പ്രയിലെ അമ്മൻ ക്ഷേത്രം, റാണിപേട്ടിലെ ദുർഗാദേവി മന്ദിരം, കോയമ്പത്തൂരിലെ ശ്രീകൃഷ്ണ മൂർത്തിക്ഷേത്രം എന്നിവയ്ക്ക് നേരെ ഇൗ വർഷമാദ്യം അക്രമം നടന്നിരുന്നു. ഇൗ സംഭവങ്ങളിൽ ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് പോലീസ് വെറുതെ വിടുകയും ചെയ്തു.
സെപ്തംബറിൽ പേരാമ്പ്രയിലെ ഒരു ഗ്രാമത്തിൽ ക്ഷേത്ര രഥം കത്തിച്ചതിന് ഒരു മുസ്ലീം യുവാവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ കൗതുകത്തിന് വേണ്ടി ചെയ്തതാണെന്നാണ് പിന്നീട് പോലീസ് പറഞ്ഞത്.
സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ തമിഴ്നാട്ടിൽ 250-ലധികം ക്ഷേത്രങ്ങളാണ് സർക്കാർ തകർത്തത്. ജലാശയങ്ങളും സർക്കാർ ഭൂമിയും കൈയേറിയ അനധികൃത പള്ളികളും മസ്ജിദുകളും തൊടാത്ത സർക്കാരാണ് ക്ഷേത്രങ്ങൾക്കെതിരെ ഏകപക്ഷീയനീക്കം നടത്തുന്നതെന്ന് ഹിന്ദുമുന്നണി സംസ്ഥാന സെക്രട്ടറി പരമേശ്വരൻ പറഞ്ഞു.
Discussion about this post