കൊച്ചി: കഴിഞ്ഞ ദിവസം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ ഉണ്ടായ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ മുഴുവൻ ഹർത്താൽ ആക്രമണ കേസുകളിലും പ്രതിയാക്കും. സർക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. പെട്ടന്നുള്ള ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോടതി അലക്ഷ്യമാണെന്ന് കണ്ടാണ് കോടതി ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായത്.
ഹർത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളെ ഗൗരവത്തോട് കൂടി കാണുന്നുവെന്ന് ഹൈകോടതി വ്യക്തമാക്കി. എല്ലാ മജിസ്‌ട്രേറ്റുകളോടും നഷ്ടപരിഹാരം ഈടാക്കുനുള്ള നിർദ്ദേശം നൽകുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നിലവിൽ പിടിയിലായവരുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ അവർ നൽകേണ്ട ജാമ്യത്തുക എത്രയാണെന്ന് കൃത്യമായി പറയണം. ഈ തുക കെട്ടിവച്ചാൽ മാത്രമേ അവർക്ക് ജാമ്യം നൽകാവൂ . അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹെെക്കോടതി പറഞ്ഞു.
സംഘടന നിരോധിച്ചതോടെ അക്കൗണ്ട് മരവിപ്പിച്ച കാര്യം പിഎഫ്‌ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞെങ്കിലും, തുക ഈടാക്കാൻ എളുപ്പമായല്ലോ എന്ന മറുപടിയാണ് ഹൈക്കോടതി നൽകിയത്. അബ്ദുൾ സത്താറാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതുകൊണ്ടാണ് ഇയാളെ എല്ലാ കേസുകളിലും പ്രതിയാക്കുന്നത്. കെഎസ്ആർടിസിക്ക് ഉൾപ്പെടെ ഹർത്താലിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടായിരുന്നു. അഞ്ചര കോടി രൂപയുടെ നാശനഷ്ടമാണ് കെഎസ്ആർടിസിക്ക് മാത്രം ഉണ്ടായത്. നഷ്ടപരിഹാരം വരുന്ന തുക എത്രയാണെന്ന് കണ്ടെത്തി അത് പ്രതികളിൽ നിന്ന് തന്നെ ഈടാക്കണമെന്നും ഹൈക്കോടതി പറയുന്നു.
Discussion about this post