കൊച്ചി: രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പോപ്പുലര്‍ ഫ്രണ്ടിന് പണം എത്തുന്നത് എന്‍ആര്‍ഐ അക്കൗണ്ട് വഴി. 120 കോടി രൂപ എന്‍ആര്‍ഐ അക്കൗണ്ട് വഴി പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് കൂടുതല്‍ പണം എത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളിലേക്കാണ് പണം എത്തുന്നത്. കേരളത്തില്‍ എത്തിയ പണത്തിന്‍റെ ഭൂരിഭാഗവും മലബാര്‍ ജില്ലകളിലാണ് വിനിയോഗിച്ചിരിക്കുന്നത്. 2015 മുതല്‍ 2018 വരെ ഏറ്റവും കൂടുതലെത്തിയത് കോഴിക്കോട് ജില്ലയിലാണ്.
44 കോടി രൂപ ഈ കാലയളവില്‍ ജില്ലയില്‍ ചെലവഴിച്ചതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 42 കോടിയും കണ്ണൂരില്‍ 40 കോടിയും ഒഴുകിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാണ് വിനയോഗിച്ചിട്ടുള്ളത്. 2015-18 കാലത്ത് നിരവധി പുതിയ സ്ഥാപനങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തുടങ്ങിയത്. മതംമാറ്റ കേന്ദ്രമായ മലപ്പുറത്തെ സത്യസരണിയിലേക്കും വന്‍ തോതില്‍ പണം എത്തിയിട്ടുണ്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. ജിസിസി രാജ്യങ്ങളിലും സിറിയയിലും റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുപ്പതിനായിരം പേരെ ഇവിടെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ജോലിക്കൊപ്പം പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദൗത്യവും നിര്‍വഹിച്ചിരുന്നു. മാസം നൂറ് ദിര്‍ഹമാണ് ഇവര്‍ പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നത്. ഈ തുക ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.
ഗള്‍ഫും കൊല്‍ക്കത്തയും ആസ്ഥാനമായ ചില മുസ്ലീം വ്യവസായികള്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്ഥിരമായി പണം നല്‍കിയിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ നടത്തിയ രാജ്യ വ്യാപക റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് എത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കണ്ട് നേരിട്ട് പോപ്പുലര്‍ ഫ്രണ്ടിന്‍റെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു. നോട്ട് നിരോധനത്തോടെ നേരിട്ട് പണം കൈകാര്യം ചെയ്യുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് തെരഞ്ഞെടുത്തത് സ്‌ക്രാപ്പ്, ഹോട്ടല്‍, മത്സ്യ, ഫര്‍ണിച്ചര്‍ മേഖലകളാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ സൗകര്യപ്രദമായതിനാലാണ് അടുത്തിടെ ഈ മേഖല തെരഞ്ഞെടുക്കാന്‍ കാരണം. ബിസിനസ് ഗ്രൂപ്പുകളുടെ സഹായത്തോടെ ഹവാല, ലഹരി, സ്വര്‍ണക്കടത്ത് എന്നിവയിലൂടെയും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തിന് വന്‍ തോതില്‍ പണം സമാഹരിച്ചിരുന്നു. അടുത്തകാലത്തായി കേരളത്തിലേക്ക് ലഹരി വസ്തുക്കളുടെ ഒഴുക്ക് വര്‍ധിച്ചിരുന്നു.
Discussion about this post