കോഴിക്കോട്: ശിശുദിന സ്റ്റാമ്പിലും രാഷ്ട്രീയം കലര്‍ത്തി സംസ്ഥാന ശിശുക്ഷേമ സമിതി. 15 കോടി രൂപ സമാഹരിക്കാനായി കേരളത്തിലെ വിദ്യാലയങ്ങളിലേക്ക് അയച്ച ശിശുദിന സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത് പാടത്ത് നിരാശപ്പെട്ടിരിക്കുന്ന മെലിഞ്ഞുണങ്ങിയ കര്‍ഷകനെ.വാരിയെല്ലുകള്‍ പൊങ്ങി, പട്ടിണിക്കോലമായ കര്‍ഷകന്‍റെ തോളില്‍ കലപ്പ ചാരിവെച്ച ചിത്രത്തിന്‍റെ അടിക്കുറിപ്പ് ‘ഇന്ത്യന്‍ കര്‍ഷകന്‍ ഒരു നേര്‍ക്കാഴ്ച’ എന്നാണ്. പതിനഞ്ച് രൂപയാണ് ഒരു സ്റ്റാമ്പിന്‍റെ വില. ഗവര്‍ണ്ണര്‍ രക്ഷാധികാരിയും മുഖ്യമന്ത്രി പ്രസിഡന്റും വനിതാശിശുവികസന മന്ത്രി വൈസ് പ്രസിഡന്റുമായ സമിതിയുടെ ജനറല്‍ സെക്രട്ടറി ജെ.എസ്. ഷിജുഖാനാണ്.
സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വരെയും സിബിഎസ്ഇ, ഐസിഎസ്ഇ, സൈനിക സ്‌കൂളുകള്‍ കേന്ദ്രീയ നവോദയ വിദ്യാലയങ്ങള്‍, ഐടിഐ, പോളിടെക്‌നിക്ക്, പ്രൊഫഷണല്‍ കോളജുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ എന്നിവ വഴി സ്റ്റാമ്പ് വിറ്റ് 15 കോടിരൂപ സമാഹരിക്കാനാണ് ശിശുക്ഷേമസമിതി ലക്ഷ്യമിടുന്നത്. ഓരോ സ്ഥാപനത്തിലേക്കും ആയിരം സ്റ്റാമ്പുകള്‍ ആണ് അയച്ചിരിക്കുന്നത്. കൊവിഡ് കാലഘട്ടത്തില്‍ ശിശുദിനസ്റ്റാമ്പ് വില്‍പ്പന നടക്കാത്തതിനാലാണ് ഇത്തവണ ഒരു കോടി സ്റ്റാമ്പ് വില്‍ക്കാന്‍ സംസ്ഥാന ശിശുക്ഷമ സമിതിക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഭാരതം കാര്‍ഷിക രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ച നേടിയ വസ്തുത മറച്ചുവെച്ചാണ് പട്ടിണിക്കോലമായ കര്‍ഷകന്‍റെ ചിത്രം വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ശിശുക്ഷേമ സമതി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് പിഎം കിസാന്‍ നിധിയുടെ പന്ത്രണ്ടാം ഗഡു കൈമാറിയിരുന്നു. എട്ട് കോടിയിലധികം കര്‍ഷകര്‍ക്ക് പതിനാറായിരം കോടി രൂപയാണ് ഇത്തവണ കൈമാറിയത്. അരി, ഗോതമ്പ്, മറ്റു ധാന്യങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവും ഇക്കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി. ഗോതമ്പ് കയറ്റുമതിയില്‍ 727ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. 132 ശതമാനം വര്‍ദ്ധനവാണ് അരി കയറ്റുമതിയില്‍ ഉണ്ടായിരുന്നത്. കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ അവഗണിച്ച് ഇന്ത്യന്‍ കര്‍ഷകന്‍ പട്ടിണിയിലാണെന്ന ചിത്രമാണ് ശിശുക്ഷേമ സമിതി പ്രചരിപ്പിക്കുന്നത്. കാര്‍ഷിക വളര്‍ച്ചയില്‍ ദേശീയ ശരാശരിയുടെ അടുത്തെത്താന്‍പോലും കേരളത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ശിശുദിനസ്റ്റാമ്പ് വില്‍പ്പനയോടനുബന്ധിച്ച് ഷിജുഖാന്‍ അയച്ച സര്‍ക്കുലറില്‍ അവകാശപ്പെടുന്നത്.
ശിശുദിനവുമായി ബന്ധപ്പെട്ട ചിത്രത്തിന് പകരം ഭാരതത്തിലെകര്‍ഷകന്‍ ദുരിതത്തിലാണെന്ന സന്ദേശം നല്‍കാനാണ് ശിശുക്ഷേമ സമിതി സ്റ്റാമ്പിനെ ഉപയോഗിച്ച ചിത്രത്തെ ലക്ഷ്യമിടുന്നത്. ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ദേശീയ ചിത്രരചനാ മത്സരം നടത്തി കുട്ടികള്‍ വരച്ച നിരവധി ചിത്രങ്ങള്‍ ഉള്ളപ്പോളാണ് ആരുടേതാണെന്ന് പോലും വ്യക്തമാക്കാത്ത ചിത്രം സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post