കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തര്‍ക്കെതിരെ എടുത്ത രണ്ടു കേസുകള്‍ കൂടി ഹൈക്കോടതി റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശി ആര്‍. രാജേഷ്, പട്ടിമറ്റം ചെങ്ങറ സ്വദേശി ടി.എം. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ സന്നിധാനം പോലീസ് 2018ല്‍ എടുത്ത, റാന്നി കോടതിയിലുള്ള കേസാണ് റദ്ദാക്കിയത്. സുരേഷ് കുമാര്‍, രാജേഷ് എന്നിവര്‍ക്കു വേണ്ടി അഡ്വ. വി സജിത് കുമാര്‍ ഹാജരായി.
നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് കൂട്ടം ചേര്‍ന്ന് പ്രതിഷേധിച്ചുവെന്നും സന്നിധാനം പോലീസ് സ്റ്റേഷന്‍റെ പടവുകളിലിരുന്ന് ശരണം വിളിച്ചുവെന്നും ആരോപിച്ച്, ക്രിമിനല്‍ നടപടി ചട്ട പ്രകാരം എടുത്ത കേസാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ റദ്ദാക്കിയത്.
സര്‍ക്കാരുദ്യോഗസ്ഥരായ രണ്ടു പേരും നിയമം പാലിച്ച് മാന്യമായി ജീവിക്കുന്നവരാണെന്നും എല്ലാ വര്‍ഷവും മാലയിട്ട് വ്രതമെടുത്ത് ശബരിമല തീര്‍ഥാടനം നടത്തുന്നവരാണെന്നും അഡ്വ. സജിത് കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ശബരിമലയില്‍ എത്തിയതിന് പൂര്‍ണമായും ന്യായീകരണമുണ്ടെന്നും ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം വ്യാജമാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഇവര്‍ പ്രശ്മുണ്ടാക്കിയതിന് തെളിവില്ല, സാക്ഷികളില്ല. നിരോധനാജ്ഞ ലംഘിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിട്ടുമില്ല. അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമില്ല. നാമം ജപിക്കുന്നതും ശരണം വിളിക്കുന്നതും ക്രമിനല്‍ കുറ്റമല്ല. രാഷ്ട്രീയപരമായ വൈരം തീര്‍ക്കാന്‍ ഇവരടക്കം അനവധി പേര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഇവര്‍ക്കെതിരായ കേസ് റദ്ദാക്കുകയായിരുന്നു.
Discussion about this post