തിരുവനന്തപുരം: സനാതന ധര്‍മ്മത്തിന്‍റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ജനുവരി 28ന് കേരളത്തില്‍ ഹിന്ദു കോണ്‍ക്ലേവ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ത വിഷയങ്ങളില്‍ നടക്കുന്ന സെമിനാറിലും ചര്‍ച്ചകളിലും പ്രമുഖര്‍ പങ്കെടുക്കും. മസ്‌ക്കറ്റ് ഹോട്ടലില്‍ രാവിലെ 10ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
വേള്‍ഡ് ഹിന്ദു പാര്‍ലമെന്റിന്‍റെ നേതൃസമ്മേളനമാണ് ആദ്യം. തുടര്‍ന്ന് ബിസിനസ് മീറ്റ്. പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്‍റെ വിതരണവും പാവപ്പെട്ട അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ അമ്മക്കൈനീട്ടം വിതരണവും. ഹൈന്ദവ ധര്‍മ്മപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്ത്രിമാര്‍, കലാകാരന്മാര്‍, പ്രഭാഷകര്‍, തുടങ്ങിയവരെ ആദരിക്കും. മമ്മിയൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരനും പാചകത്തിനിടയിലും ഭക്തിഗാനം ആലപിച്ച് വാര്‍ത്തയില്‍ ഇടം നേടിയ ആളുമായ ഗുരുവായൂര്‍ കൃഷ്ണനെ ഭക്ത പുരസ്‌കാരം നല്കി ആദരിക്കും.
വേദ സാഹിത്യത്തിന്‍റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരന് നല്കുന്ന ആര്‍ഷദര്‍ശന പുരസ്‌കാരം സമാപന ചടങ്ങില്‍ വിതരണം ചെയ്യും. സി രാധാകൃഷ്ണന്‍ അധ്യക്ഷനായ പുരസ്‌കാര സമിതി ജേതാവിനെ നിശ്ചയിക്കും. പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 30 വരെ സ്വീകരിക്കും. കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാംദാസ് പിള്ള, വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. കുമ്മനം രാജശേഖരന്‍, ജി. രാജ്മോഹന്‍, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്. ഭാരവാഹികളായ പി. ശ്രീകുമാര്‍, ഗാമാ ശ്രീകുമാര്‍, ശശിധരന്‍ പിള്ള, പൊടിയമ്മപിള്ള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post