തൃശ്ശൂര്‍: ഹിന്ദുത്വമെന്നത് വര്‍ഗീയത വളര്‍ത്തുന്നതാണെന്ന തരത്തിലാണ് കമ്യൂണിസ്റ്റുകളും ഇടത് ബുദ്ധിജീവികളെന്നു നടിക്കുന്നവരും പറയുന്നതെന്നും ഹിന്ദുസമൂഹം കണ്ണും ചെവിയും സ്വയം മൂടിയ നിലയിലാണ് ജീവിക്കുന്നതെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഹിന്ദു മുന്നേറ്റം ശക്തിപ്പെടുകയാണ്. ഹൈന്ദവ ഐക്യം സംഘടിച്ച് ശക്തി നേടാനും ധര്‍മവും സംസ്‌കാരവും സംരക്ഷിക്കാനുമുള്ളതാണ്. ഹിന്ദു ഏകീകരണ ശ്രമങ്ങളെ മതമൗലികവാദമെന്നും വര്‍ഗീയമെന്നും ഇസ്ലാമോഫോബിയയെന്നും വിമര്‍ശിക്കുകയാണ് ചിലര്‍. ഹിന്ദു മൗലികതത്വങ്ങള്‍ എല്ലാവര്‍ക്കും സുഖവും ശാന്തിയും ആഗ്രഹിക്കുന്നതാണെന്ന കാര്യം അവര്‍ മനസിലാക്കുന്നില്ല.
ഉച്ചനീചത്വങ്ങള്‍ക്കോ ജാതി വിവേചനത്തിനോ ഹിന്ദു സമൂഹത്തില്‍ സ്ഥാനമില്ല. ഐക്യം മാത്രമല്ല എല്ലാ വിഭാഗങ്ങളുടേയും സുരക്ഷയും അന്തസും സംരക്ഷിക്കുന്നതാണ് ഹിന്ദു മുന്നേറ്റം. സ്ത്രീകള്‍ക്ക് ഏറ്റവുമധികം ബഹുമാനം കൊടുക്കുന്നതാണ് ഹിന്ദു സംസ്‌കാരം. ഹിന്ദു സമൂഹത്തിന്റെ മുഖ്യധാരയിലും മുന്‍ നിരയിലുമാണ് സ്ത്രീകള്‍ക്ക് സ്ഥാനം.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സംസാരിച്ചാല്‍ അതെങ്ങിനെയാണ് ഇസ്ലാമോഫോബിയ ആകുന്നത്. ഇസ്ലാമിക ഭീകരത മാത്രമല്ല കമ്യൂണിസ്റ്റ് ആശയങ്ങളും ഭാരതത്തിന്റെ അഖണ്ഡതയ്ക്കു നേരെയുള്ള വെല്ലുവിളിയാണ്. ശ്രീശങ്കരനെയും ശ്രീനാരായണ ഗുരുദേവനെയും സ്വാമി ചിന്മയാനന്ദനെയും മാതാ അമൃതാനന്ദമയിയെയും സംഭാവന നല്കിയത് കേരളമാണ്. അവര്‍ തെളിച്ചിട്ട വഴിയില്‍ കൂടിയാണ് ഹിന്ദു ഐക്യവേദി സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് ജെ. നന്ദകുമാര്‍
സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. അംബേദ്കര്‍ ഉള്‍പ്പെടയുള്ള ഭരണഘടനാ ശില്‍പികള്‍ തന്നെ തള്ളിക്കളഞ്ഞ ആശയമാണിത്. ഇത് പട്ടികജാതി-വര്‍ഗ ജനതയോടുള്ള അനീതിയാണ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സംവരണം ഏര്‍പ്പെടുത്തിയത്. സംവരണം മതാടിസ്ഥാനത്തില്‍ പാടില്ല എന്നത് ഭരണഘടനാ തത്വമാണ്. കേരളത്തില്‍ ഒരു പ്രബല മതത്തിന് സംവരണം നല്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും നന്ദകുമാര്‍ ചോദിച്ചു. ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം ഉയരും. ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് പറയുന്നവര്‍ പട്ടിക ജാതി-വര്‍ഗങ്ങളോട് ചെയ്യുന്നത് മര്യാദയല്ല. കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് ഇത് വിഷയമല്ല. അവര്‍ യുപിയിലും ഗുജറാത്തിലും എന്ത് നടക്കുന്നു എന്നന്വേഷിക്കുകയാണ്. അവിടെ നടക്കുന്ന യഥാര്‍ഥ വികസനം ഇപ്പോള്‍ പഠിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മോഡല്‍ എന്നത് പരാജയമാണെന്ന് വ്യക്തമായി. വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളിലെല്ലാം വലിയ തകര്‍ച്ച നേരിടുകയാണ്. സംസ്ഥാനത്ത് എട്ടര ലക്ഷം പേര്‍ ഭവനരഹിതരാണ്. കിടപ്പാടം എന്ന മൗലികാവകാശത്തിന് വേണ്ടി പോരാട്ടം ശക്തമാക്കണം. വനവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി നല്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹം ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് നടത്തിയതാണ്. ഗാന്ധിജി പോലും പറഞ്ഞത് ഇത് ഹിന്ദു സമൂഹത്തിന്റെ പ്രശ്നമാണ് എന്നാണ്. വളണ്ടിയര്‍മാര്‍ ചൊല്ലിയ പ്രതിജ്ഞ ഞാന്‍ ഹിന്ദുവാണ്, ഞങ്ങള്‍ ഹിന്ദുക്കളാണ് എന്നായിരുന്നു. സവര്‍ണ-അവര്‍ണ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പൊരുതിയത്. എന്നാല്‍ ഈ ഏകതയെ തകര്‍ക്കുന്ന ശ്രമങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ നടത്തുന്നത്, നന്ദകുമാര്‍ പറഞ്ഞു
ഇനി വേണ്ടത് ക്ഷേത്രഭരണ പ്രവേശന സമരം: കുമ്മനം രാജശേഖരന്‍
വൈക്കം സത്യഗ്രഹ സമരത്തെ പോലെ ഇനി കേരളത്തില്‍ വേണ്ടത് ക്ഷേത്രഭരണ പ്രവേശന സമരമാണെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. എല്ലാ രംഗത്തും ജനാധിപത്യം വന്നിട്ടും ക്ഷേത്രഭരണ രംഗത്ത് മാത്രം ജനാധിപത്യം ഇല്ല. എല്ലാം മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദിക്ക് സകല ഹിന്ദുക്കളെയും സംഘടിപ്പിക്കാന്‍ സാധിക്കണം. ഹിന്ദുഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ഓരോ ഗ്രാമത്തിലെയും ഹിന്ദു കുടുംബങ്ങളെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഹിന്ദു ശാക്തീകരണം സാദ്ധ്യമാകൂ. ഹിന്ദു ഐക്യവേദിയോ ഹിന്ദു സംഘടനകളോ ഒരിക്കലും അക്രമത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ചിട്ടില്ല. മാറാടും പൂന്തുറയിലും നിലയ്ക്കലും ഹൈന്ദവസമൂഹത്തിന് നേരെ ക്രൂരമായ അതിക്രമങ്ങള്‍ നടന്നിട്ടും കേരളത്തിന്റെ തെരുവീഥികളില്‍ ചോര ഒഴുകിയിട്ടില്ല. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രീയക്കാരാണ്. മതങ്ങള്‍ തമ്മിലുള്ള സംഘട്ടനം രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യമാണെന്നും കുമ്മനം പറഞ്ഞു.
സാമൂഹ്യ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയണമെന്ന് എം. രാധാകൃഷ്ണന്‍
രാഷ്ട്രീയ-സാമുദായിക ഭിന്നതകള്‍ക്കപ്പുറം സാമൂഹ്യമുന്നേറ്റം സൃഷ്ടിക്കാന്‍ ഹിന്ദു ഐക്യവേദിക്കാകണമെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു.
ഹിന്ദു സമൂഹത്തിനിടയില്‍ നടക്കുന്ന എല്ലാ മുന്നേറ്റങ്ങളെയും ഐക്യശ്രമങ്ങളേയും വര്‍ഗീയമെന്ന് ചിത്രീകരിക്കാനാണ് ചില രാഷ്ട്രീയക്കാരുടെ ശ്രമം. എന്നാല്‍ മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഈ സമീപനമില്ല. ഹിന്ദു ഐക്യവേദി പ്രവര്‍ത്തനവും പ്രതീക്ഷയും എന്ന വിഷയത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്നവും ആര്‍. ശങ്കറും നേതൃത്വം നല്കിയ ഹിന്ദുമഹാമണ്ഡലത്തിന്റെ മുന്നേറ്റത്തെ കോണ്‍ഗ്രസ് തകര്‍ത്തു. ഇത് ഹിന്ദുസമൂഹത്തില്‍ വലിയ നിരാശയുണ്ടാക്കി. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ മലബാറില്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റം നടന്നിരുന്നു. എന്നാല്‍ ഈ ഐക്യശ്രമങ്ങളും അധികം മുന്നോട്ടു പോയില്ല. രാഷ്ട്രീയമായ അധികാര അവകാശങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കാന്‍ മുന്‍കാല ഹിന്ദു ഐക്യമുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇത് വലിയ പാഠമാണ്. ഐക്യത്തിന് വിട്ടുവീഴ്ചകളും സൗഹാര്‍ദ്ദപൂര്‍ണമായ സമീപനങ്ങളും വേണം. മന്നത്തേയും ആര്‍. ശങ്കറിനേയും പുറത്താക്കാനാണ് കേരളത്തിലെ ആദ്യ ദേവസ്വം നിയമം. ഹിന്ദു മുന്നേറ്റത്തെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.
ഹിന്ദു ഐക്യത്തിനായുള്ള ആചാര്യന്മാരുടെ ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഹിന്ദു ഐക്യവേദി. അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും വീര്‍പ്പുമുട്ടിയ സമയത്താണ് ആദ്ധ്യാത്മിക ആചാര്യന്മാരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഇടപെട്ടത്. അങ്ങാടിപ്പുറം, നിലയ്ക്കല്‍, മാറാട് സമരങ്ങള്‍ രാഷ്ട്രീയത്തിനതീതമായി ഹിന്ദു ഐക്യം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഭൂസമരങ്ങള്‍, പട്ടികജാതി സംഘടനകളെ ഹിന്ദു ഐക്യവേദിയോടടുപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറെ ആദരിച്ചു. വത്സന്‍ തില്ലങ്കേരി, കെ.ബി. ശ്രീകുമാര്‍, പി. സുധാകരന്‍, മഞ്ഞപ്പാറ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post