കോഴിക്കോട്: സമൂഹമാധ്യമങ്ങളുള്‍പ്പെടെ എല്ലാ മാധ്യങ്ങളും വ്യാജവാര്‍ത്തകളും അര്‍ദ്ധസത്യങ്ങളും പടച്ചുവിടന്നത് തടയാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ദേവര്‍ഷി നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച ചടങ്ങില്‍ നാരദജയന്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ന് മാധ്യമരംഗം സങ്കീര്‍ണമായ ഒരവസ്ഥയിലാണ്. തൊണ്ണൂറുകള്‍ മുതലാണ് മാധ്യമരംഗത്ത് അമിതമായ രാഷ്ട്രീയവല്‍കരണമുണ്ടായത്. അതിന് ശേഷം വര്‍ത്തമാന പത്രങ്ങള്‍ക്ക് വലിയ തോതില്‍ സ്വീകര്യത കുറഞ്ഞു. അച്ചടിമാധ്യമങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ടെലിവിഷനും പിന്നീട് ഡിജിറ്റല്‍ മാധ്യമങ്ങളും പ്രതിയോഗികളായി മാറി. നിര്‍മ്മിതബുദ്ധിയുടെ കാലത്ത് എന്തും നമ്മെ വിശ്വസിപ്പിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ച് ആവിഷ്‌കരിക്കാന്‍ സാധിക്കുന്ന അവസ്ഥയാണ്. ഈ സങ്കീര്‍ണ സാഹചര്യത്തിലാണ് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യുന്നത്. നോര്‍വ്വെയിലെ പത്രപ്രവര്‍ത്തക മോദിയോട് ചോദ്യം ചോദിച്ചതും അദ്ദേഹം പ്രതികരിക്കാതിരുന്നതും ലോകം അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ്. മാധ്യമ ആക്ടീവിസത്തിന്റെ കാലം വന്നതോടെയാണ് മിസ് ഇന്‍ഫര്‍മേഷനും ഡിസ്ഇന്‍ഫര്‍മേഷനും മാധ്യമരംഗത്ത് പ്രത്യക്ഷപ്പെട്ടത്. മാധ്യമപ്രവര്‍ത്തനം പ്രൊഫഷണലാകുന്നത് പരിശീലനവും എത്തിക്‌സും ചേരുമ്പോഴാണ്. എന്നാല്‍ ഇന്ന് ഈ മേഖല അരാജകത്വത്തിലേക്ക് പോകുന്ന ഒരു പ്രവണത കാണുന്നുണ്ട്. വിദേശത്തിരുന്നാണ് ചിലര്‍ ഭാരതത്തിലെ സമൂഹമാധ്യമങ്ങളെ നിയന്ത്രിച്ചുകൊണ്ട് ചില ആഖ്യാനങ്ങള്‍ ചമയ്ക്കുന്നത്. ബദല്‍ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുക വഴി ഇത്തരം ശ്രമങ്ങളെ ചെറുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.














Discussion about this post